ഓഹരിവിപണിയില്‍ കൂട്ടക്കുരുതി

മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 704 പോയിന്റ് താഴ്ന്ന് 16361.15ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 209.60 പോയിന്റ് ഇടിഞ്ഞ് 4923.65ലും വില്‍പ്പന അവസാനിപ്പിച്ചു. സെന്‍സെക്‌സ് 26 മാസത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയെയാണ് അഭിമുഖീകരിച്ചത്.
283.82 പോയിന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്ത ഡൗ ജോണ്‍സിനു പിറകെ വില്‍പ്പന തുടങ്ങിയ ഏഷ്യന്‍ വിപണികളെല്ലാം തന്നെ താഴോട്ടിറങ്ങി. ഹാങ്‌സെങ് 912.22 പോയിന്റും സ്‌ട്രെയ്റ്റ് ടൈംസ് 71.26ഉം ഷാങ്ഗായി 69.91 പോയിന്റും നിക്കി 180.90 പോയിന്റും താഴേക്കിറങ്ങി.
ഉച്ചവരെ നേരിയ നഷ്ടത്തില്‍ നീങ്ങിയ സെന്‍സെക്‌സും നിഫ്റ്റിയും യൂറോപ്യന്‍ വിപണി തുറന്നതോടു കൂടി കൂപ്പുകുത്താന്‍ തുടങ്ങി. വില്‍പ്പന സമ്മര്‍ദ്ദം ശക്തമായതോടെ യൂറോപ്പിലെ ഒട്ടുമിക്ക വിപണികളും വന്‍നഷ്ടത്തിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്.
ശതമാനകണക്കു നോക്കിയാല്‍ ആഗസ്ത് 2009 ഒക്ടോബറിനുശേഷം നിഫ്റ്റിയിലുണ്ടായ ഏറ്റവും വലിയ തകര്‍ച്ചയാണിത്. പോയിന്റ് നോക്കുകയാണെങ്കില്‍ 2008 ഒക്ടോബറിനുശേഷമുള്ള ഏറ്റവും വലിയ ഇടിവും.
യൂറോപ്യന്‍ പ്രതിസന്ധിക്ക് പരിഹാരം കാണാത്തതുകൊണ്ട് ഇരുട്ടില്‍ തപ്പുകയായിരുന്ന നിക്ഷേപകരുടെ കണ്ണുകൂടി കുത്തിപ്പൊട്ടിക്കുന്ന രീതിയിലായിരുന്നു അമേരിക്കന്‍ വിപണിയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
ഇതിനെല്ലാം മേമ്പൊടിയായി ഇന്ത്യന്‍ രൂപയുടെ വില നാള്‍ക്കു നാള്‍ താഴോട്ടുവരികയാണ്. വ്യാഴാഴ്ച ഡോളറിന് 49.22 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.
എഡ്യുകോംപ് സൊലൂഷന്‍സ്, ജയപ്രകാശ് അസോസിയേറ്റ്‌സ്, ലാന്‍കോ ഇന്‍ഫ്രാടെക്, ശ്രീ രേണുകാ ഷുഗേഴ്‌സ്, എച്ച്ഡിഐല്‍ തുടങ്ങിയ ഓഹരികള്‍ എട്ടുശതമാനത്തിലധികം താഴോട്ടിറങ്ങി. ശ്രീ സിമന്റെ, ഹിന്ദ് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, അറ്റ്‌ലസ് കോപ്‌കോ, അപ്പോളോ ഹോസ്പ്റ്റില്‍ എന്നിവ നേരിയ ലാഭത്തിലാണ് കച്ചവടം അവസാനിപ്പിച്ചത്.
വിപണി മൂലധനത്തില്‍ ഒന്നാം സ്ഥാനത്തുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് 51.65 പോയിന്റും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 71.25 പോയിന്റും ഐസിഐസിഐ 37.85 പോയിന്റും കോള്‍ ഇന്ത്യ 9.20 പോയിന്റും നഷ്ടം രേഖപ്പെടുത്തി.












Click it and Unblock the Notifications