ദില്ലി: പ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയും ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്‌റിനും ട്വിറ്റര്‍ യുദ്ധത്തില്‍. റുഷ്ദി ട്വിറ്ററില്‍ ഫോളോവേഴ്‌സിനെ കിട്ടാനായി യാചിയ്ക്കുകയാണെന്നാണ് തസ്ലീമ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. പെണ്‍കുട്ടികളെ വലവീശിപ്പിടിയ്ക്കാനാണ് റുഷ്ദി ട്വിറ്ററില്‍ അക്കൗണ്ട് ഉണ്ടാക്കിയതെന്നും തസ്ലീമ പറഞ്ഞു. പെണ്‍കുട്ടികളോട് റുഷ്ദിയെ സൂക്ഷിയ്ക്കണമെന്നും തസ്ലീമ മുന്നറിയിപ്പു നല്‍കി.
തസ്ലീമയുടെ നടപടി ലജ്ജാകരമാണ് എന്നായിരുന്നു റുഷ്ദിയുടെ പ്രതികരണം. ഇതിനിടെ ഇരുവരുടേയും ഫാളോവേഴ്‌സും വഴക്കില്‍ പങ്കാളികളായിട്ടുണ്ട്. ഇരുവരേയും പിന്തുണച്ചും എതിര്‍ത്തും നൂറു കണക്കിന് പോസ്റ്റുകളാണ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെടുന്നത്.
എന്നാല്‍ റുഷ്ദി-തസ്ലീമ വഴക്ക് ആരാധകരെ തെല്ലൊന്ന് അത്ഭുതപ്പെടുത്തുകയും ചെയ്തു. മുസ്ലീം സമുദായത്തില്‍ നിന്ന് കനത്ത വിമര്‍ശനം ഏറ്റുവാങ്ങിയ എഴുത്തുകാരാണ് ഇരുവരും. മുന്‍പ് തസ്ലീമ ബംഗ്ലാദേശില്‍ കനത്ത എതിര്‍പ്പ് ഏറ്റുവാങ്ങിയപ്പോള്‍ റുഷ്ദി തസ്ലീമയ്‌ക്കൊപ്പം നിന്നു. പെണ്‍ റുഷ്ദി എന്നു പോലും ചിലര്‍ തസ്ലീമയെ വിശേഷിപ്പിച്ചിരുന്നു.