മരിച്ചവര്‍ മദ്യപാനികള്‍; മന്ത്രിമാര്‍ ഖേദിച്ചു
തിരുവനന്തപുരം: സംസ്ഥാനമാകെ പകര്‍ച്ചപ്പനികള്‍ ബാധിച്ച് മരിച്ചവരില്‍ ഭൂരിപക്ഷവും മദ്യപാനം മൂലമുള്ള കരള്‍ രോഗങ്ങള്‍ ഉള്ളവരായിരുന്നെന്ന ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിന്റെ പ്രസ്താവനയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഖേദം പ്രകടിപ്പിച്ചു.
ആരോഗ്യമന്ത്രിയുടെ പ്രസ്താവന പിന്‍വലിയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ തടസ്സപ്പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചത്. പനിവന്നു മരിച്ചവര്‍ മദ്യപാനികളാണെന്ന മന്ത്രിയുടെ പ്രസ്താവന പിന്‍വലിക്കണമെന്നു പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അത്തരം റിപ്പോര്‍ട്ട് കേന്ദ്ര സംഘം നല്‍കിയെങ്കില്‍ അതു മേശപ്പുറത്തുവയ്ക്കണമെന്നും ആവശ്യപ്പെട്ടു.
തന്റെ പ്രസ്താവന തെറ്റിദ്ധരിച്ചെന്നു കരുതുന്നതായും ഇതില്‍ ഖേദമുണ്ടെന്നും അടൂര്‍ പ്രകാശ് അറിയിച്ചു. കേന്ദ്ര സംഘം നല്‍കിയ റിപ്പോര്‍ട്ടില്‍ പനി വന്നു മരിച്ചവരില്‍ നിശ്ചിത ശതമാനം കരള്‍ രോഗ ബാധിതരാണെന്നു പറയുന്നതായും അദ്ദേഹം വ്യക്തമാക്കി. ഈ റിപ്പോര്‍ട്ട് ഏതാനും ദിവസങ്ങള്‍ക്കകം ലഭിക്കും. ഇതു കിട്ടിയാല്‍ ഉടന്‍ മേശപ്പുറത്തു വയ്ക്കാന്‍ തയാറാണെന്നും അദ്ദേഹം അറിയിച്ചു.
എന്നാല്‍ മന്ത്രിയുടെ പ്രസ്താവനയില്‍ തൃപ്തരാകാതെ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു കൊണ്ടു നടുത്തളത്തിലിറങ്ങുകയായിരുന്നു. പിന്നീടു പ്രതിപക്ഷം ഇരിപ്പിടങ്ങളിലേക്കു മടങ്ങി. ആരോഗ്യമന്ത്രിയുടെ പ്രസ്താവനയില്‍ തെറ്റിദ്ധാരണയുണ്ടെങ്കില്‍ സര്‍ക്കാരിനു വേണ്ടി താനും ഖേദം പ്രകടിപ്പിക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.












Click it and Unblock the Notifications