തിരുവനന്തപുരം: വാളകത്ത് ആക്രമണത്തിനിരയായ അധ്യാപകന്‍ കൃഷ്ണകുമാറിന്റെ മൊഴി കള്ളമാണെന്ന് പോലീസ്. സംഭവ ദിവസം താന്‍ വാളകം വിട്ടെങ്ങും പോയിട്ടില്ലെന്നാണ് അധ്യാപകന്‍ മൊഴി നല്‍കിയത്. എന്നാല്‍ ഇത് കള്ളമാണെന്നും സംഭവ ദിവസം അധ്യാപകന്‍ കടയ്ക്കലില്‍ നിന്ന് ഫോണ്‍ ചെയ്തുവെന്നതിന് തെളിവുണ്ടെന്നും പോലീസ് പറഞ്ഞു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇതിനിടെ മൊഴിയിലെ വൈരുദ്ധ്യം കാരണം അധ്യാപകന്റെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ തീരുമാനമായി. കഴിഞ്ഞ ദിവസം കൃഷ്ണകുമാര്‍ മജിസ്‌ട്രേട്ടിന് നല്‍കിയ മൊഴിയുടെ പകര്‍പ്പ് ലഭിയ്ക്കാന്‍ പോലീസ് അപേക്ഷ നല്‍കും.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ജോത്സ്യന്‍ കൃഷ്ണകുമാറിനേയും മകനേയും പോലീസ് വീണ്ടും ചോദ്യം ചെയ്തു. അധ്യാപകന്റേയും ജോത്സ്യന്റേയും പരസ്പര വിരുദ്ധമായ മൊഴികള്‍ പോലീസിനെ കുഴക്കുന്നുണ്ട്. അതിനിടെ കൊട്ടാരക്കരയിലും പരിസരപ്രദേശത്തുമുള്ള ഏതാനും ജോത്സ്യന്‍മാരെ കൂടി സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തു