ബാംഗ്ലൂര്‍-കോഴിക്കോട് യാത്രാ തടസ്സം ഒഴിവാകും
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍-കോഴിക്കോട് ദേശീയപാതയിലെ വനമേഖലയില്‍ നിലവിലുള്ള രാത്രിയാത്രാ നിരോധനം ഒഴിവാകാന്‍ സാധ്യത. ബന്ദിപ്പൂര്‍ ദേശീയോദ്യാനത്തിലെ സോണ്‍ രണ്ടില്‍ രാത്രിയാത്ര അനുവദിച്ചു പരിസ്ഥിതി മന്ത്രാലയം കരടു വിജ്ഞാപനമിറക്കിയതോടെയാണ് ഈ മേഖലയില്‍ യാത്ര ദൂരിതമനുഭവിക്കുന്നവുര്‍ക്ക് മുന്നില്‍ പ്രശ്‌നപരിഹാരം തെളിയുന്നത്.
ദേശീയപാത 212 കടന്നു പോകുന്ന മേഖല സോണ്‍ രണ്ടിലാണ്. മാനന്തവാടി-മൈസൂര്‍ റൂട്ടിലെയും ഗുണ്ടല്‍പേട്ട -ഗൂഡല്ലൂര്‍-നിലമ്പൂര്‍ റൂട്ടിലെയും നിരോധനങ്ങളും ഇതോടെ ഒഴിവാകും. സോണ്‍ ഒന്നില്‍ നിയന്ത്രിതമായി രാത്രിയാത്ര ആവാമെന്ന് കരടില്‍ പറയുന്നു. കനിയാനപുരം ആനത്താര ഉള്‍പ്പെടുന്ന മേഖലയാണ് സോണ്‍ ഒന്ന്.
ബന്ദിപ്പൂര്‍ ദേശീയോദ്യാനത്തെ പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിക്കുന്നതാണ് കരടു വിജ്ഞാപനം. കരടു വിജ്ഞാപനത്തിലെ നിര്‍ദേശങ്ങള്‍ സംബന്ധിച്ച പരാതികള്‍ ഉണ്ടെങ്കില്‍ അറുപതു ദിവസത്തിനകം കേന്ദ്ര പരിസ്ഥിതി സെക്രട്ടറിയെ അറിയിക്കാം. അവയും പരിഗണിച്ച ശേഷമാവും വിജ്ഞാപനം അന്തിമമായി പ്രാബല്യത്തില്‍ വരിക.
രാത്രിയാത്ര നിരോധനം നീക്കണമെന്ന് സുപ്രിം കോടതിയില്‍ നിലവിലുള്ള കേസില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് ഇതോടെ നിരോധനം പിന്‍വലിക്കുന്നതിന് അനുകൂലമാകും. രാത്രിയാത്ര നിരോധനം 2009 ഓഗസ്റ്റ് അഞ്ചിനാണ് പൂര്‍ണമായും നിലവില്‍ വന്നത്. ചാമരാജ് നഗര്‍ ഡപ്യൂട്ടി കമ്മിഷണറുടെ ( കലക്ടര്‍) ജൂണ്‍ അഞ്ചിലെ ഉത്തരവിന്റെ തുടര്‍ച്ചയായിട്ടായിരുന്നു നിരോധം.












Click it and Unblock the Notifications