പിള്ളയെ വിളിച്ച റിപ്പോര്‍ട്ടര്‍ക്കെതിരെ നടപടിയില്ല
തിരുവനന്തപുരം: വാളകം സ്‌കൂളിലെ അധ്യാപകന്‍ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രതികരണമറിയാന്‍ ജയിലില്‍ കഴിയുന്ന മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയെ ഫോണില്‍ വിളിച്ച ചാനല്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ നടപടി വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു.
ചാനല്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ നിയമനടപടി ആകാമെന്ന ജയില്‍ എഡിജിപിയുടെ ശുപാര്‍ശ മുഖ്യമന്ത്രി വേണ്ടെന്നുവെയ്ക്കുകയായിരുന്നു. അതേസമയം ജയിലിനുള്ളിലെ ഫോണ്‍ ഉപയോഗം അടക്കമുള്ള അച്ചടക്കലംഘനം കര്‍ശനമായി നിരീക്ഷിക്കാനും നിയന്ത്രിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
ഇതിനായി ഇടയ്ക്ക് ജയിലിനുള്ളില്‍ റെയ്ഡ് നടത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മൊബൈല്‍ ജാമറുകള്‍ സ്ഥാപിക്കുകയും തകരാറിലായവ നന്നാക്കുകയും വേണം. സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇപ്പോള്‍സ്വകാര്യ ആസ്പത്രിയില്‍ കഴിയുന്ന ആര്‍. ബാലകൃഷ്ണ പിള്ള ജയില്‍ചട്ടത്തിന് വിരുദ്ധമായി ഫോണില്‍ സംസാരിച്ചതിന് അദ്ദേഹത്തിന് നാലുദിവസം കൂടി അധികശിക്ഷ നല്‍കിയിരുന്നു.
പിള്ളയ്ക്ക് അര്‍ഹതപ്പെട്ട ശിക്ഷയിളവ് നാലുദിവസം കുറച്ചുകൊണ്ടായിരുന്നു ജയില്‍ എഡിജിപിയുടെ ഉത്തരവ്. ഇതോടൊപ്പമാണ് അദ്ദേഹം ചാനല്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടിരുന്നത്.












Click it and Unblock the Notifications