രഘുവിന്റെ പക്കലുണ്ടായിരുന്നത് പണയപ്പണം
പാലക്കാട്: പെരുമ്പാവൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ പോക്കറ്റടിക്കാരനെന്ന സംശയത്തെത്തുടര്‍ന്ന് യാത്രക്കാരുടെ മര്‍ദനമേറ്റു മരിച്ച രഘുവിന്റെ പക്കലുണ്ടായിരുന്ന പണം സ്വര്‍ണം പണയം വച്ചെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍.. ആഭരണം പണയപ്പെടുത്തി പണം നല്‍കിയതു താനാണെന്ന് അയല്‍വാസി സ്ഥിരീകരിച്ചു
പെരുവെമ്പ് തങ്കയം പരേതനായ ചന്ദ്രന്റെ മകന്‍ രഘുവിന്റെ (37) അയല്‍ക്കാരന്‍ ബാലനാണ് മൊഴി നല്‍കിയിരിക്കുന്നത്. പെരുവെമ്പില്‍ തയ്യല്‍ക്കട നടത്തുന്ന ഇദ്ദേഹം പെരുവെമ്പ് സര്‍വീസ് സഹകരണ ബാങ്കില്‍ സ്വര്‍ണം പണയപ്പെടുത്തി 19,000 രൂപ വാങ്ങിക്കൊടുത്തിരുന്നു. ബാലന്‍ 11.25 ഗ്രാം സ്വര്‍ണം പണയം വച്ച് 19,000 രൂപ വാങ്ങിയതായി ബാങ്ക് അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ പതിനായിരം രൂപയ്ക്കു പണയം വച്ചിരുന്ന സ്വര്‍ണം പലിശ അടച്ചു വീണ്ടും വയ്ക്കുകയായിരുന്നുവെന്നും ബാങ്ക് സെക്രട്ടറി. ഈ പണമാണു രഘുവിനു നല്‍കിയതെന്നു ബാലന്‍ വ്യക്തമാക്കിയിട്ടുണ്ട്. പണത്തിനൊപ്പം പണയ രസീതും നല്‍കിയിരുന്നു. രഘുവിന് ബാങ്കില്‍ അക്കൗണ്ട് ഇല്ലാത്തതിനാലാണ് അദ്ദേഹം അയല്‍ക്കാരനായ ബാലന്റെ സഹായം തേടിയത്.
നഷ്ടപ്പെട്ടു എന്നു പറയുന്ന പതിനായിരം രൂപയ്ക്കായി തെരച്ചില്‍ നടത്തിയപ്പോള്‍ രഘുവിന്റെ കൈയില്‍ പണം കണ്ടെ ത്തി. ഇത് മോഷണ മുതലെന്ന് ആരോപിച്ചായിരുന്നു മര്‍ദനമെന്ന് പറയപ്പെടുന്നു.
തിങ്കഴാഴ്ച വൈകിട്ട് തങ്കയത്തുള്ള തറവാട്ടു വീട്ടില്‍ നിന്നാണു പണവുമായി പെരുമ്പാവൂരിലേക്കു പുറപ്പെട്ടതെന്ന് രഘുവിന്റെ അമ്മ സരോജിനി പറയുന്നു. പുതിയ വീടിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പണം സംഘടിപ്പിയ്ക്കുന്ന തിരക്കിലായിരുന്നു രഘു. രഘുവിന്റെ ഭാര്യയും ഗുജറാത്തുകാരിയുമായ കസ്തൂരിയും മക്കള്‍ അരവിന്ദ്, അഞ്ജലി എന്നിവരും വിവരമറിഞ്ഞ് വീട്ടിലെത്തിയിട്ടുണ്ട്.
ഗുജറാത്തില്‍ പ്ലാസ്റ്റിക് മോള്‍ഡിങ് കമ്പനി തൊഴിലാളിയായ രഘു ഒരു വര്‍ഷം മുന്‍പാണ് അതേ കമ്പനിയുടെ ചുമതലയില്‍ പെരുമ്പാവൂരില്‍ ശാഖ തുടങ്ങിയത്.












Click it and Unblock the Notifications