ബിര്‍ളയുടെ ക്രെഡിറ്റ് കാര്‍ഡ് 'തട്ടിയ' സംഘം പിടിയില്‍
ബാംഗ്ലൂര്‍: ബിസിനസ് ടൈക്കൂണ്‍ കുമാരമംഗലം ബിര്‍ളയുടെ ക്രെഡിറ്റ് കാര്‍ഡ് വ്യാജമായി നിര്‍മ്മിച്ച് തട്ടിപ്പു നടത്തിയ സംഘം പിടിയില്‍. എന്‍ പ്രകാശ്(34), അഫ്‌സാര്‍ അഹമ്മദ്(21), വി ജയകുമാര്‍(39), വസിം പാഷ(25), ഗൗതം(36), കെ ലോകേഷ്(34), അഹമ്മദ്(37), മേഘരാജ്(27) ജെ രവി(29) എന്നിവരാണ് അറസ്റ്റിലായത്.
ബിര്‍ളയുടെ ക്രെഡിറ്റ് കാര്‍ഡ് രേഖകള്‍ പരിശോധിക്കുമ്പോള്‍ കമ്പനി ഉദ്യോഗസ്ഥരാണ് ബാംഗ്ലൂരില്‍ നിന്ന് മൂന്നു ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയതായി കണ്ടെത്തിയത്. എന്നാല്‍ ആ സമയത്തൊന്നും ബിര്‍ള ബാംഗ്ലൂരിലുണ്ടായിരുന്നില്ല. തുടര്‍ന്ന് മുംബൈ പോലിസില്‍ പരാതി നല്‍കി.
മുംബൈ പോലിസില്‍ നിന്നുള്ള മുന്നറിയിപ്പ് പരിഗണിച്ച് ബാംഗ്ലൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ എസ് എന്‍ സിദ്‌രാമപ്പ രൂപീകരിച്ച പ്രത്യേക സംഘമാണ് തട്ടിപ്പുകാരെ പിടികൂടിയത്. ബിര്‍ളയുടെ ക്രെഡിറ്റ് കാര്‍ഡ് രേഖകള്‍ ഉപയോഗിച്ച് നഗരത്തില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയ ഒമ്പതുപേരാണ് കുടുങ്ങിയത്.
പ്രധാനമായും സ്വര്‍ണാഭരണങ്ങള്‍ വാങ്ങാനാണ് ഇവര്‍ കാര്‍ഡുപയോഗിക്കുന്നത്. എന്നാല്‍ ആരുടെ കാര്‍ഡാണ് ഉപയോഗിക്കുന്നതെന്ന് ആര്‍ക്കുമറിയില്ല. ഈ അന്വേഷണം മറ്റ് നിരവധി കേസുകളിലേക്ക് വെളിച്ചം വീശാന്‍ സഹായിച്ചിട്ടുണ്ടെന്ന് പോലിസ് കേന്ദ്രങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications