പീഡനം: മലയാളി നഴ്‌സ് ആത്മഹത്യ ചെയ്തു
മുംബൈ: മലയാളിയായ നഴ്‌സിനെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബാന്ദ്ര-കുര്‍ള കോംപ്ലക്‌സിലുള്‌ല ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഐസി വിഭാഗത്തില്‍ ജോലിചെയ്തിരുന്ന ബീനാബേബി(23)ആണ് മരിച്ചത്. തൊടുപുഴ കൊല്ലന്‍പുഴ സ്വദേശിയാണ്. ആശുപത്രി അധികൃതരുടെ പീഡനത്തെത്തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് ആരോപണം.
ഹോസ്റ്റല്‍മുറിയിലുള്ള മറ്റുള്ളവര്‍ ഡ്യൂട്ടിയിലായിരുന്ന സമയത്താണ് സംഭവം നടന്നത്. ഖാര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തൊടുപുഴയില്‍നിന്ന് പഠനം കഴിഞ്ഞ ശേഷം മുംബൈയില്‍ ജോലിക്ക് ചേര്‍ന്നിട്ട് നാലുമാസമേ ആയിട്ടുള്ളു. വായ്പയെടുത്താണ് പഠിച്ചതെന്ന് കൂട്ടുകാര്‍ പറയുന്നു. അമിത ജോലിഭാരമാണ് ആശുപ്തരിയിലുള്ളതെന്ന് ആരോപണമുണ്ട്.
12 മണിക്കൂറാണ് ഇവിടത്തെ ജോലിസമയം. ആഴ്ച അവധി നല്‍കുന്നില്ലെന്നും ആരെങ്കിലും വന്നില്ലെങ്കില്‍ മറ്റുള്ളവരെക്കൊണ്ട് അവരുടെ ജോലികൂടി ചെയ്യിക്കുന്നുവെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. രണ്ടുവര്‍ഷത്തേക്കുള്ള ബോണ്ടിലാണ് ഇവിടെ ജോലി നല്‍കുന്നത്.
50,000 രൂപയാണ് ബോണ്ട് തുക. പനവേല്‍ കള്‍ച്ചറല്‍ സൊസൈറ്റി പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്. ബോംബെയിലേയും സമീപ പ്രദേശങ്ങളിലേയും ആസ്പത്രികളില്‍ നഴ്‌സുമാര്‍ ഈ പ്രശ്‌നം നേരിടുന്നുണ്ടെന്ന് സംഘടനയുടെ പ്രസിഡന്റ് എം.എസ്. മനോജ്കുമാര്‍ പറഞ്ഞു. ബീനയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സംഘടന.












Click it and Unblock the Notifications