രണ്ടാം വിവാഹം: കുമാരസ്വാമി നിയമംലംഘിച്ചെന്ന്

ആദ്യ വിവാഹബന്ധം നിലനില്‍ക്കെ രണ്ടാമതും വിവാഹം കഴിച്ചത് ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം തെറ്റാണെന്നും അതിനാല്‍ അദ്ദേഹത്തിന്റെ ലോക്‌സഭാംഗത്വം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു ബാംഗ്ലൂരിലെ അഭിഭാഷകനായ ശശിധര്‍ ബെളെഗൊബ്ബയാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.
ബാംഗ്ലൂര്‍ റൂറല്‍ മണ്ഡലത്തില്‍നിന്നുള്ള എംപിയാണു കുമാരസ്വാമി. എംഎല്‍എ കൂടിയായ അനിതയാണു കുമാരസ്വാമിയുടെ ആദ്യ ഭാര്യ. എന്നാല്‍ കുമാരസ്വാമി നാലു വര്‍ഷം മുന്‍പു കന്നഡ നടി രാധികയെയും വിവാഹം ചെയ്‌തെന്നും അതില്‍ ഷമിത കെ.സ്വാമി എന്ന കുഞ്ഞുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
ഇതിന് മുമ്പുതന്നെ രാധികയുമായുള്ള കുമാരസ്വാമിയുടെ ബന്ധം ഏറെ വിവാദങ്ങളുണ്ടാക്കിയിട്ടുണ്ട്. മകളുടെ പേരിനൊപ്പം രാധിക സ്വാമിയെന്ന് ചേര്‍ത്തത് വലിയ വാര്‍ത്തയായിരുന്നു.
പുതിയ ഹര്‍ജിയുടെ കാര്യത്തില്‍ പ്രതികരിക്കാന്‍ കുമാരസ്വാമി തയ്യാറായിട്ടില്ല. നടി രാധികയും ഒന്നരവയസ്സുള്ള മകളും കുമാരസ്വാമിയും ഒന്നിച്ചുള്ള ഫോട്ടോ വെബ് സൈറ്റ് വഴിയും ചില മാധ്യമങ്ങള്‍ വഴിയും അടുത്തിടെ പുറത്തുവന്നതോടെയാണ് ഇവര്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പല കഥകളും ശക്തമായത്.
രാധികയുമായുള്ള ബന്ധത്തെക്കുറിച്ച് വര്‍ഷങ്ങളായി കുമാരസ്വാമി മൗനത്തിലായിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷം നവംബറില്‍ രാധിക മൗനംവെടിഞ്ഞ് കുമാരസ്വാമി നാലു വര്‍ഷം മുമ്പ് തന്നെ വിവാഹം കഴിച്ചതായി ഒരു പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. അന്നും വാര്‍ത്ത സ്ഥിരീകരിക്കാനോ തള്ളാനോ കുമാരസ്വാമി തയ്യാറായിരുന്നില്ല . രാധികയോടും കുഞ്ഞിനോടുമൊപ്പമുള്ള കുമാരസ്വാമിയുടെ ഫോട്ടോകള്‍ അടുത്തിടെയാണ് സൈറ്റുകളില്‍ നിറഞ്ഞത്.
രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനു മുമ്പ് കുമാരസ്വാമിക്ക് സിനിമാ മേഖലയുമായി അടുത്ത ബന്ധമുണ്ടായിരുന്നു . സ്വന്തം ജില്ലയായ ഹാസനില്‍ തിയേറ്ററിന് പുറമെ ഏതാനും സിനിമകള്‍ നിര്‍മിക്കുകയും ചെയ്തിരുന്നു .
2004ല്‍ എംഎല്‍എയായതിന് പിന്നാലെയാണത്രേ ഇവരുടെ ബന്ധം ശക്തമായത്. ഇവര്‍ ഒരുമിച്ച് പല വിദേശയാത്രകളും നടത്തിയിട്ടുണ്ട്. 2006ല്‍ കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയായതോടെയാണ് ബന്ധം ശക്തമായത്.












Click it and Unblock the Notifications