കിളിരൂര്‍: 4ഇടത്തായി പീഡനം നടന്നെന്ന് മാപ്പുസാക്ഷി

2003 ല്‍ കുമളിയിലും ഇടപ്പള്ളിലും ഉള്‍പ്പെടെ നാലിടങ്ങളില്‍ വച്ച് ശാരിയെ പ്രതികള്‍ പീഡിപ്പിച്ചിരുന്നതായും പീഡനവിവരം പുറത്തുവിട്ടാല്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണിയെന്നും ഓമനക്കുട്ടി സിബിഐ കോടതിയില്‍ അറിയിച്ചു.
കേസില്‍ ബിജെപി പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ വച്ച് ഒത്തുതീര്‍പ്പിന് ശ്രമിച്ചിരുന്നുവെന്നും ഇവരുടെ മൊഴിയിലുണ്ട്. പീഡനത്തിനിരയായി മരിച്ച ശാരി എസ്. നായരുടെ അമ്മയുടെ സഹോദരിയായ ഓമനക്കുട്ടിയെ 2009 മാര്‍ച്ച് നാലിനാണ് സിബിഐ മാപ്പുസാക്ഷിയാക്കിയത്.
കേസില്‍ ഒന്നാം പ്രതിയായിരുന്ന ഓമനക്കുട്ടിയെ പ്രതികള്‍ സ്വാധീനിക്കാതിരിക്കാന്‍ ഇതിനുശേഷം സിബിഐ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി പാര്‍പ്പിക്കുകയായിരുന്നു. രണ്ടു വര്‍ഷത്തിലേറെയായി പുറംലോകം കാണാതെ കഴിയുന്ന ഓമനക്കുട്ടിയുടെ സാക്ഷിമൊഴി കേസില്‍ ഏറ്റവും നിര്‍ണായകമാകുമെന്നാണ് സൂചന.
ശാരിയെ ചികിത്സിച്ച 24 ഡോക്ടര്‍മാരുള്‍പ്പെടെ 76 സാക്ഷികളെയാണ് കേസില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇതില്‍ സാക്ഷികളായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ എന്നിവര്‍ ഉള്‍പ്പെടെ ഏതാനും പേരെ വിസ്തരിക്കേണ്ടതില്ലെന്ന് സിബിഐ തീരുമാനിച്ചിട്ടുണ്ട്.
ശേഷിക്കുന്ന 68 സാക്ഷികളെ ഒരു മാസത്തിനുള്ളില്‍ വിസ്തരിക്കാനാണ് തീരുമാനം. ഓമനക്കുട്ടിക്കുശേഷം സാക്ഷിപ്പട്ടികയിലുള്ള ശാരിയുടെ പിതാവ് സുരേന്ദ്രകുമാറിനെ വ്യാഴം, വെള്ളി തീയതികളില്‍ വിസ്തരിക്കാനും തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications