ഞങ്ങള്‍ക്കെതിരെ 4പേര്‍ പ്രവര്‍ത്തിക്കുന്നു: ഹസാരെ
ദില്ലി: തന്റെ സംഘത്തിലുള്ളവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍ യുപിഎ സര്‍ക്കാറിലെ നാല്‍വര്‍ സംഘമാണെന്ന് അണ്ണാ ഹസാരെ. ജന്‍ലോക്പാല്‍ ബില്ലിനെ എതിര്‍ക്കുന്ന ഇവര്‍ തന്റെ സംഘാംഗങ്ങളെ വ്യക്തിഹത്യ നടത്തുകയാണെന്നും ഹസാരെ ആരോപിച്ചു. എന്നാല്‍ ഇവര്‍ ആരെല്ലാമാണെന്നകാര്യം ഹസാരെ വ്യക്തമാക്കിയില്ല.
ഇത്തരം ആരോപണങ്ങള്‍ ചിലരുടെ മാത്രം സൃഷ്ടിയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയിലെയും സര്‍ക്കാരിലെയും എല്ലാ മന്ത്രിമാരെയുമല്ല ഞാന്‍ കുറ്റപ്പെടുത്തുന്നത്. സര്‍ക്കാരില്‍ ആത്മാര്‍ത്ഥതയും അര്‍പ്പണമനോഭാവവുമുള്ളവരുണ്ട്. എന്നാല്‍ ഈ നാല്‍വര്‍ സംഘം ഇവരെ മിണ്ടാന്‍ അനുവദിക്കുന്നില്ല. കുറ്റപ്പെടുത്തുകയും മാനസികമായി തളര്‍ത്തുകയും ചെയ്യുന്നത് ഇവരുടെ ശീലമാണ്- ഹസാരെ പറയുന്നു.
ഇവര്‍ സ്ഥിരമായി കിരണ്‍ ബേദിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ഇവര്‍ മന്ത്രിസഭയില്‍ സ്വാധീനമുള്ളവരാണ്. ശക്തരായ ഇവര്‍ക്കെതിരെ ചെറുവിരല്‍ പോലും ഉയര്‍ത്താന്‍ കഴിയില്ല- അദ്ദേഹം പറഞ്ഞു.
ലോക്പാല്‍ ബില്‍ പാസാക്കിയില്ലെങ്കില്‍ സര്‍ക്കാര്‍ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്ന് ഹസാരെ മുന്നറിയിപ്പ് നല്‍കി. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ലോക്പാല്‍ ബില്‍ പാസാക്കിയില്ലെങ്കില്‍ പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ പ്രചരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സമീപകാലത്തായി ഹസാരെ സംഘാംഗങ്ങളായ കിരണ്‍ ബേദി , അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ക്കെതിരെ അഴിമതിയാരോപണങ്ങള്‍ ഉയരുകയും കെജ്രിവാളിനും പ്രശാന്ത് ഭൂഷണുമെതിരെ ചെരുപ്പേറും കയ്യേറ്റശ്രമങ്ങളുമുണ്ടാവുകയും ചെയ്തിരുന്നു.












Click it and Unblock the Notifications