കിളിരൂര്‍ പീഡനം: വിഐപി പങ്കിന് തെളിവില്ല

കേസിലെ രണ്ടാം സാക്ഷിയും പീഡനത്തിനിരയായി മരിച്ച ശാരി എസ്. നായരുടെ അച്ഛനുമായ സുരേന്ദ്രന്റെ വിചാരണയ്ക്കിടെയാണ് കോടതി ഇക്കാര്യം പറഞ്ഞത്.
കേസില്‍ ഏതങ്കിലും വിഐപി ഇടപെട്ടതിനോ ഗൂഢാലോചന നടത്തിയതിനോ യാതൊരുവിധ തെളിവും പരാമര്‍ശവും കുറ്റപത്രത്തിലില്ല. ഇത്തരത്തിലുള്ള സാക്ഷിമൊഴികളുമില്ല. അതുപോലെ ചികിത്സയുടെ കാര്യത്തിലും എന്തെങ്കിലും ഗൂഢാലോചന നടന്നതായി സാക്ഷിമൊഴികള്‍ ഇല്ല. ഈ സാഹചര്യത്തില്‍ ഇതിനെക്കുറിച്ച് അന്വേഷണം നടത്തേണ്ട ഒരു സാഹചര്യവുമില്ല-കോടതി നിരീക്ഷിച്ചു. കിളിരൂര്‍ കേസില്‍ വിഐപി ഇടപെടലുണ്ടായെന്ന സംഭവം ഒട്ടേറെ രാഷ്ട്രീയ കോലാഹലങ്ങള്‍ക്ക് വഴിവച്ചിരുന്നു.
അതേസമയം, മകള്‍ ശാരി ഗര്‍ഭിണിയാണെന്ന് അറിഞ്ഞത് ആശുപത്രിയില്‍ വച്ചായിരുന്നെന്ന് സുരേന്ദ്രന്‍ മൊഴി നല്‍കി. പീഡനവിവരം അറിഞ്ഞതും അപ്പോള്‍ മാത്രമാണെന്നാണ് സുരേന്ദ്രന്‍ കോടതിയില്‍ പറഞ്ഞത്. ഏഴാംപ്രതി സോമനെ സുരേന്ദ്രന് തിരിച്ചറിയാനായിട്ടില്ല.
സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് വ്യാമോഹിപ്പിച്ച് ശാരി എസ്. നായര്‍ എന്ന പെണ്‍കുട്ടിയെ പലതവണ പലരും പീഡനത്തിനിരയാക്കിയെന്നാണ് കേസ്. ബലാത്സംഗം, പണത്തിനുവേണ്ടി ആളെ തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നിവ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കിളിരൂര്‍ സ്വദേശിനി ഓമനക്കുട്ടി, ആലപ്പുഴ സ്വദേശി പ്രവീണ്‍, എറണാകുളം സ്വദേശി മനോജ്, മല്ലപ്പള്ളി സ്വദേശിനി ലതാ നായര്‍, നാട്ടകം സ്വദേശി ബിജു എന്ന കൊച്ചുമോന്‍, തൃപ്പൂണിത്തുറ സ്വദേശി പ്രശാന്ത്, കണ്ണൂര്‍ സ്വദേശി സോമനാഥന്‍ എന്നീ പ്രതികളാണ് വിചാരണ നേരിടുന്നത്. കേസില്‍ 78 സാക്ഷികളെയാണ് വിസ്തരിക്കുന്നത്.












Click it and Unblock the Notifications