120കാരന്‍ വരനും 60കാരി വധുവും മധുവിധുവിന്
ഗുവാഹത്തി: വിവാഹത്തിനും പ്രണയത്തിനുമൊന്നും പ്രായത്തിന്റെ കണക്കില്ലെന്ന് പലരും പലകാലങ്ങളിലായി തെളിയിച്ചു കഴിഞ്ഞതാണ്. എഴുപത് പിന്നിട്ടിട്ടും വിവാഹവും മധുവിധുവുമായി വാര്‍ത്തകളില്‍ നിറഞ്ഞവര്‍ ചില്ലറയല്ല നമുക്കുചുറ്റുമുള്ളത്.
ഇപ്പോള്‍ ഗുവാഹത്തിയിലാണ് പ്രായം മറന്ന് പുതിയൊരു വിവാഹം നടന്നിരിക്കുന്നത്. ഇവിടത്തെ നവവരന് 120 വയസ്സാണ്, നവവധുവിനാകട്ടെ 60ഉം.
അസമില്‍ കരിംഗഞ്ച് ജില്ലയില്‍ നിന്നുള്ള ഹസി അബ്ദുല്‍ നൂറിന്റെ രണ്ടാം വിവാഹമാണ് കഴിഞ്ഞ ദിവസം മംഗളമായി നടന്നിരിക്കുന്നത്. സത്‌ഗോറി ഗ്രാമത്തില്‍ നിന്നുള്ള സമോയ് ബീബിയാണു വധു. നൂറിന്റെ മക്കളും കൊച്ചുമക്കളും അവരുടെ മക്കളുമെല്ലാം അടക്കം കുടുംബത്തിലെ നൂറിലധികം അംഗങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തു.
ഹസിയുടെ കുടുംബത്തില്‍ ആകെ 122 അംഗങ്ങളുണ്ട്. ആദ്യഭാര്യ സാലിമ ഖട്ടുന്‍ 2005ല്‍ എണ്‍പതാം വയസ്സില്‍ മരിച്ചതു മുതല്‍ പുതിയൊരു വിവാഹം നടത്തിത്തരണമെന്ന് നൂര്‍ മക്കളോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു.
അങ്ങനെയാണ് ഒടുവില്‍ അറുപതുകാരിയായ വധുവിനെ കണ്ടെത്തിയത്. ഹസിയുടെ മൂത്തമകള്‍ക്ക് 79 വയസ്സായി. ഭാര്യ ബീബിയും നേരത്തേ വിവാഹം ചെയ്തിട്ടുണ്ട്. ഭര്‍ത്താവു മരിച്ചു. മക്കളില്ല. തനിയ്ക്ക് 120 വയസ്സായെന്നാണ് ഹസി പറയുന്നത്. എന്നാല്‍ ഇതന് ഔദ്യോഗിക രേഖകള്‍ ഇല്ല. തിരഞ്ഞെടുപ്പു കാര്‍ഡില്‍ 116 വയസ്സ് എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്.












Click it and Unblock the Notifications