അരുണാചലില്‍ പാലം തകര്‍ന്ന് 30ലേറെ മരണം?
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ കിഴക്കന്‍ ജില്ലയായ കാമെങിലെ സെപ്പയില്‍ കാമെങ് നദിക്കുകുറുകെ നിര്‍മ്മിച്ചിരുന്ന തൂക്കുപാലം തകര്‍ന്നു വീണ് മുപ്പതിലേറെ പേര്‍ മരിച്ചതായി സംശയം.
ആറു പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 25 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ശനിയാഴ്ച വൈകുന്നേരമുണ്ടായ അപകടത്തില്‍ ഒഴുകി പോയവരെ കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിക്കാത്തതിനാല്‍ മരിച്ചിരിക്കാനാണ് സാധ്യതയെന്ന് പോലിസ് കേന്ദ്രങ്ങള്‍ അറിയിച്ചു.
29 പേരെ ഇതിനകം രക്ഷിച്ചിട്ടുണ്ട്. ഇതില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. അപകടത്തില്‍ പെട്ടതില്‍ അധികവും പതിനഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളാണ്. അപകടം നടക്കുമ്പോള്‍ നൂറിലേറെ പേര്‍ പാലത്തിനു മുകളില്‍ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ശക്തമായ നീരൊഴുക്ക് രക്ഷാപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നുണ്ട്.
അമിതഭാരമാണ് അപകടത്തിനു കാരണം. സര്‍ക്കാര്‍ അന്വേഷണത്തിനായി ഏകാംഗ കമ്മീഷനെ നിയോഗിക്കുമെന്നറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച പശ്ചിമബംഗാളിലെ ഡാര്‍ജ്‌ലിങ് ജില്ലയില്‍ തൂക്കുപാലം തകര്‍ന്നു വീണ് 32 പേര്‍ മരിച്ചിരുന്നു.












Click it and Unblock the Notifications