വിഗ്രഹങ്ങളുമായി മുങ്ങിയ സ്വാമി അറസ്റ്റില്‍
വെല്ലൂര്‍: ഗൗഡസാരസ്വത ബ്രാഹ്മണരുടെ അടുത്ത ആത്മീയാചാര്യനായി നിശ്ചയിക്കുകയും പിന്നീട് മാറ്റുകചയും ചെയ്ത സ്വാമി രാഘവേന്ദ്രതീര്‍ഥയെ അറസ്റ്റുചെയ്തു. ആന്ധ്രപ്രദേശിലെ കടപ്പയില്‍ നിന്നാണ് ഇദ്ദേഹം അറസ്റ്റിലായത്. വിഗ്രഹങ്ങളും പൂജാസാമഗ്രികളും കാശിമഠത്തിന് തിരിച്ചുകൊടുക്കണമെന്ന സുപ്രീം കോടതി ഉത്തരവ് പാലിക്കാതെ കഴിഞ്ഞ രണ്ട് മാസമായി ഒളിവില്‍ക്കഴിയുകയായിരുന്നു ഇദ്ദേഹം.
വിഗ്രഹങ്ങളുമായി സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കഡപ്പ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് താന്‍ രാഘവേന്ദ്ര സ്വാമിയാണെന്നും മറ്റും ഇദ്ദേഹം വ്യക്തമാക്കിയത്. കോടികള്‍ വിലമതിക്കുന്ന വ്യാസ, രഘുപതി വിഗ്രഹങ്ങളാണ് സ്വാമിയുടെ കൈവശമുള്ളത്. കാശിമഠത്തില്‍ ഗൗഡ സാരസ്വത വിഭാഗം ആരാധന നടത്തുന്ന വിഗ്രഹങ്ങളായിരുന്നു ഇത്.
ശിഷ്യനായ രാഘവേന്ദ്രതീര്‍ഥ സ്വാമിയില്‍ നിന്ന് വിഗ്രഹങ്ങള്‍ തിരിച്ചുകിട്ടാന്‍ തിരുപ്പതി കോടതിയിലാണ് സുധീന്ദ്രതീര്‍ഥ സ്വാമി ആദ്യം ഹര്‍ജി നല്‍കിയത്. അദ്ദേഹത്തിന് അനുകൂലവിധി ഉണ്ടായപ്പോള്‍ അത് നടപ്പിലാക്കാന്‍ ഉത്തരവിട്ടത് എറണാകുളം അഡീഷണല്‍ ജില്ലാ കോടതിയാണ്.
കാരണം രാഘവേന്ദ്ര തീര്‍ഥ സ്വാമി അപ്പോള്‍ എറണാകുളം കോടതിയുടെ അധികാരപരിധിയിലായിരുന്നു. താന്‍ സ്ഥലത്തില്ലെന്നും സന്ന്യാസിയായതിനാല്‍ സഞ്ചാരത്തിലാണെന്നുമുള്ള രാഘവേന്ദ്രതീര്‍ഥ സ്വാമിയുടെ വാദം ജില്ലാ കോടതി നിരസിച്ചിരുന്നു. സുപ്രീംകോടതിയിലെത്തിയ ഹര്‍ജിയില്‍ സ്വാമി രാഘവേന്ദ്രതീര്‍ഥയെക്കെതിരെ ഉത്തരവുണ്ടായി.
കാശിമഠത്തിന് അവകാശപ്പെട്ട അമൂല്യവിഗ്രഹങ്ങളും സ്ഥാവര, ജംഗമവസ്തുക്കളും വീണ്ടെടുക്കുന്നതിനു ബ്രാഹ്മണ സഭയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പടെയുള്ളവരുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവന്നിരുന്നു.
രാഘവേന്ദ്രയെ കേരളത്തിലേയ്ക്ക് കൊണ്ടുവരാനായി കൊച്ചിയില്‍ നിന്നും പൊലീസ് സംഘം ഉടന്‍ ആന്ധ്രയ്ക്ക് തിരിക്കുമെന്നാണ് സൂചന.












Click it and Unblock the Notifications