കിളിരൂര്‍: ശാരിയുടെ അയല്‍വാസി കൂറുമാറി
തിരുവനന്തപുരം: കിളിരൂര്‍ പീഡനക്കേസിലെ പ്രധാന സാക്ഷിയും മരിച്ച ശാരിയുടെ അയല്‍വാസിയുമായ രമണി സിബിഐ കോടതിയില്‍ കൂറുമാറി. ഇക്കാര്യം പ്രഖ്യാപിച്ചശേഷം വിസ്താരം നടത്താന്‍ കോടതി പ്രോസിക്യൂഷനെ അനുവദിച്ചു.
ശാരിയുടെ കിളിരൂരിലെ വീട്ടില്‍ ലതാ നായര്‍ ഉള്‍പ്പെടെ അപരിചിതര്‍ വന്നുപോകുന്നതു കണ്ടെ്ന്ന് രമണി സിബിഐയ്ക്കു നേരത്തേ മൊഴി നല്‍കിയിരുന്നു. ഇത് മാറ്റി, ആരെയും കണ്ടില്ലെന്നും ശാരി മരിച്ചോ ജീവിച്ചിരിപ്പുണ്ടോയെന്നു തനിക്കറിയില്ലെന്നുമാണ് ഇവര്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്ന മൊഴി.
ശാരി എസ്എസ്എല്‍സി തോറ്റതിനു ശേഷം പിന്നെ എന്തുചെയ്തുവെന്ന് അറിയില്ല. ശാരിക്കു ഡാന്‍സും പാട്ടും അറിയാമോയെന്ന ചോദ്യത്തിനും അറിയില്ല എന്നായിരുന്നു സാക്ഷിയുടെ മറുപടി. ശാരിയുടെ മറ്റ് അയല്‍വാസികളായ ഷെര്‍ലി ജോണ്‍, പ്രസന്ന, വിജയ ആര്‍. നായര്‍, ഗീത എന്നിവര്‍ മൊഴി നല്‍കാന്‍ ബുധനാഴ്ച കോടതിയില്‍ എത്തിയിരുന്നു.
ശാരിയുടെ വീട്ടില്‍ അപരിചിതര്‍ വന്നു പോയിരുന്നതായി നാലുപേരും മൊഴി നല്‍കി. അതില്‍ ഒരു സ്ത്രീയും ഉണ്ടായിരുന്നതായി പറഞ്ഞു. അതു ലതാ നായരാണെന്നു സാക്ഷികള്‍ കോടതിയില്‍ തിരിച്ചറിഞ്ഞു. മറ്റുള്ളവരെ വ്യക്തമായി അറിയില്ലെന്നും പറഞ്ഞു.
ശാരിയെ ആദ്യം പീഡനത്തിനു വിധേയമാക്കിയ കുമളി ഗസ്റ്റ്‌ഹൌസിലെ വാച്ചറായിരുന്ന മുഹമ്മദ് ബഷീറിനെയും കോടതി വിസ്തരിച്ചു. കുമിളിയില്‍ സ്‌നാക് ബാര്‍ നടത്തുന്ന സോമന്‍ പറഞ്ഞതനുസരിച്ചാണു ഗസ്റ്റ്‌ഹൌസില്‍ ലതാനായര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു മുറി അനുവദിച്ചത്.
കുമിളിയിലേക്കു ശാരിയെ കൊണ്ടുപോകുന്നതിനു മുമ്പ് ഐസ്‌ക്രീം വാങ്ങിക്കൊടുത്ത ഐസ്‌ക്രീം പാര്‍ലറിലെ ജീവനക്കാരന്‍ റെജി, മറ്റൊരു സാക്ഷി സാലി ജോണ്‍ എന്നിവരെയും വിസ്തരിച്ചു. ഉച്ചയോടെ സാക്ഷികളെ നിരീക്ഷിക്കാന്‍ സിബിഐയുടെ പ്രത്യേക ഉദ്യോഗസ്ഥര്‍ കോടതിയില്‍ എത്തിയിരുന്നു.
സാക്ഷി വിസ്താരം വ്യാഴാഴ്ചയും തുടരും.












Click it and Unblock the Notifications