കുഞ്ഞാലിക്കുട്ടിയെ ചോദ്യംചെയ്തു
മലപ്പുറം: കെഎ റൗഫ് നല്‍കിയ പരാതിയില്‍ വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയെ പൊലീസ് ചോദ്യംചെയ്തു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ കോട്ടക്കല്‍ പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ വിളിച്ചുവരുത്തി കണ്ണൂര്‍ റെയ്ഞ്ച് ഡിഐജി എസ് ശ്രീജിത്താണ് ചോദ്യംചെയ്തത്.
കള്ളക്കേസില്‍കുടുക്കി കുഞ്ഞാലിക്കുട്ടി തേജോവധം ചെയ്യാന്‍ ശ്രമിക്കുകയാണെന്നും ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് റൗഫ് ഉത്തരമേഖലാ എഡിജിപി രാജേഷ് ദിവാന് പരാതി നല്‍കിയിരുന്നു. കോഴിക്കോട് നോര്‍ത്ത് അസി. പൊലീസ് കമീഷണര്‍ കെ രാധാകൃഷ്ണപിള്ളയെ ഉപയോഗപ്പെടുത്തിയാണ് കള്ളക്കേസ് ചുമത്തിയതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ചോദ്യംചെയ്യല്‍.
ചോദ്യംചെയ്യല്‍ സംബന്ധിച്ച് ഒരു ചാനലില്‍ വാര്‍ത്ത വന്നതോടെ ഇരുവരും തിടുക്കത്തില്‍ മടങ്ങി. പത്തുമിനിറ്റ് മാത്രമാണ് ഇവര്‍ റസ്റ്റ് ഹൗസില്‍ ഉണ്ടായത്. മാധ്യമപ്രവര്‍ത്തകര്‍ ബന്ധപ്പെട്ടപ്പോള്‍ ചോദ്യംചെയ്യല്‍ നടന്നിട്ടില്ലെന്നാണ് ഇവരുടെ പ്രതികരണം,
പാല സ്വദേശിയെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കി, കോഴിക്കോട് റബര്‍ ഫാക്ടറി കത്തിച്ചു എന്നീ പരാതികളാണ് റൗഫിനെതിരെ രണ്ടുപേര്‍ നടക്കാവ് പൊലീസില്‍ നല്‍കിയത്. രണ്ടിലും പൊലീസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications