17കാരിയെ ചുംബിച്ച കോളെജ് ചെയര്‍മാനെതിരെ കേസ്
ഹൈദരാബാദ്: പതിനേഴുകാരിയെ കോളെജ് ചെയര്‍മാന്‍ ചുംബിക്കുകയും അപമാനിക്കുകയും ചെയ്തുവെന്ന് പരാതി. ഹൈദരബാദിലെ ശ്രീ നാഗാര്‍ജുന ഡിഗ്രി കോളെജിലാണ് സംഭവം നടന്നിരിക്കുന്നത്. ചെയര്‍മാന്‍ ബി സുധാകര്‍ സ്വന്തം ഓഫീസ് മുറിയില്‍ വച്ചാണത്രേ വിദ്യാര്‍ഥിനിയെ അപമാനിച്ചത്.
പെണ്‍കുട്ടിയെ അടുത്തുവിളിച്ച് ഒരു ഡോക്ടറെപ്പോലെ കണ്ണുകള്‍ പരിശോധിക്കാനെന്ന വ്യാജേന തന്നിലേയ്ക്കടുപ്പിച്ച് ഇയാള്‍ ചുംബിക്കുകയായിരുന്നുവത്രേ.
ബുധനാഴ്ച വിദ്യാര്‍ഥിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എസ്ആര്‍ നഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ ഒളിവില്‍പ്പോയ സുധാകറിനായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ 15 ദിവസങ്ങളായി ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം വിദ്യാര്‍ഥിനി കോളെജില്‍ പോയിരുന്നില്ല. ചൊവ്വാഴ്ചയാണ് കുട്ടി വീണ്ടും കോളെജില്‍ പോയത്. തുടര്‍ന്ന് സുധാകര്‍ കുട്ടിയെ കാരണമന്വേഷിക്കാനാണെന്ന് പറഞ്ഞ് മുറിയിലേയ്ക്ക് വിളിപ്പിക്കുകയായിരുന്നു.
മുറിയിലെത്തിയ കുട്ടിയെ ഇയാള്‍ അപമാനിക്കുകയായിരുന്നു, കുതറി പുറത്തേക്കോടിയ കുട്ടി ഉടന്‍തന്നെ രക്ഷിതാക്കളെ വിവരമറിയിച്ചു. മാതാപിതാക്കള്‍ കോളെജില്‍ എത്തുമ്പോഴേയ്ക്കും സുധാകര്‍ സ്ഥലംവിട്ടിരുന്നു. ഇയാള്‍ തന്നെ ചുംബിച്ചെന്നും ആലിംഗനം ചെയ്യാന്‍ ശ്രമിച്ചെന്നും കുട്ടിയുടെ പരാതിയില്‍ പറയുന്നു.












Click it and Unblock the Notifications