പൈലറ്റ് ടോയ്‌ലറ്റില്‍ കുടുങ്ങി;വിമാനത്തില്‍ ആശങ്ക
ന്യൂയോര്‍ക്ക്: പൈലറ്റ് ടോയ്‌ലറ്റില്‍ കുടുങ്ങിയത് വിമാനത്തില്‍ പരിഭ്രാന്തിയ്ക്കിടയാക്കി. അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലെ ആഷ്വിലിയില്‍ നിന്നും ന്യൂയോര്‍ക്കിലേയ്ക്ക് തിരിച്ച ഡെല്‍റ്റ് ഫ്‌ളൈറ്റിലെ പൈലറ്റാണ് ടോയ്‌ലറ്റില്‍ കുടുങ്ങിയത്.
ടോയ്‌ലറ്റിന്റെ വാതിലിലെ ലോക്ക് കുരുങ്ങിപ്പോയതിനെത്തുടര്‍ന്നാണ് പൈലറ്റ് അകത്ത് കുടുങ്ങിയത്.
അകത്തായിപ്പോയ പൈലറ്റ് വാതിലില്‍ ശക്തിയായി ചവിട്ടിയും മറ്റും തുറക്കാന്‍ ശ്രമിച്ചു. ഒച്ച കേട്ട് മുന്‍നിര സീറ്റുകളിലെ ഒരു യാത്രക്കാരന്‍ ടോയ്‌ലറ്റിനടുത്തുചെന്നു.
കോ പൈലറ്റിനോട് കോക്ക്പിറ്റില്‍ ചെന്ന് വിവരം ധരിപ്പിക്കാന്‍ ടോയ്‌ലറ്റില്‍ കുടുങ്ങിക്കിടന്ന പൈലറ്റ് നിര്‍ദ്ദേശിച്ചു. എന്നാല്‍ വ്യത്യസ്തമായ സംസാര ശൈലിയുള്ള യാത്രക്കാരന്‍ കോക്ക്പിറ്റിന്റെ വാതിലില്‍ മുട്ടി കാര്യം പറയാന്‍ തുടങ്ങിയത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു.
ഭീകരാക്രമണ നീക്കമെന്ന് സംശയിച്ച് കോ പൈലറ്റ് കോക്ക്പിറ്റിന്റെ വാതില്‍ തുറക്കാന്‍ വിസമ്മതിച്ചു. എയര്‍പോര്‍ട്ടിലേക്ക് അപായ സന്ദേശങ്ങളും അയച്ചു. പ്രശ്‌നം വഷളാകുന്നതിന് മുമ്പ് പൈലറ്റ് ടോയ്‌ലറ്റിന്റെ വാതില്‍ തള്ളിത്തുറന്ന് പുറത്തുവന്നു.
പതിനെട്ട് യാത്രക്കാരുമായി യാത്ര ചെയ്ത വിമാനം പിന്നീട് ന്യൂയോര്‍ക്കില്‍ ലാഗ്വാര്‍ഡിയ എയര്‍പോര്‍ട്ടില്‍ സുരക്ഷിതമായി ഇറങ്ങി.












Click it and Unblock the Notifications