തത്കാല്‍ ടിക്കറ്റ്: മാറ്റം തിങ്കളാഴ്ച മുതല്‍

തല്‍ക്കാല്‍ ടിക്കറ്റുകള്‍ ഇനി 24 മണിക്കൂര്‍ മുമ്പ് മാത്രമേ ബുക്ക് ചെയ്യാന്‍ സാധിക്കൂ. നേരത്തെ ഇത് 48 മണിക്കൂറായിരുന്നു. കൂടാതെ തത്കാല്‍ സ്‌കീമില്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റ് ചാര്‍ജ് യാതൊരു കാരണവശാലും റീഫണ്ട് ചെയ്യുന്നതല്ല.
തത്കാല്‍ ടിക്കറ്റ് റയില്‍വേ സ്റ്റേഷനിലൂടെ ബുക്ക് ചെയ്യുന്നതിന് ഇനി മുതല്‍ ഐഡന്റിറ്റി കാര്‍ഡ് വേണം. കൂടാതെ ഒരു ടിക്കറ്റില്‍ നാലു യാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ. രാവിലെ എട്ടുമണിമുതല്‍ പത്തുമണിവരെ ഓണ്‍ലൈനിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കില്ല. റയില്‍വേ സ്റ്റേഷനുകളില്‍ നിന്നു ലഭിക്കുന്ന ടിക്കറ്റുകള്‍ നഷ്ടപ്പെട്ടാല്‍ യാതൊരു കാരണവശാലും ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റുകള്‍ അനുവദിക്കാനാവില്ലെന്നും റയില്‍വേ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ അംഗീകരിച്ച ഒമ്പത് തിരിച്ചറിയല്‍ രേഖകളിലൊന്ന് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ചെല്ലുമ്പോള്‍ കൈവശമുണ്ടായിരിക്കണം. കാലക്രമേണ ആധാര്‍കാര്‍ഡ് നമ്പറിലൂടെ മാത്രം ടിക്കറ്റ് ബുക്കിങ് എന്ന രീതി കൊണ്ടുവരാനാണ് സര്‍ക്കാര്‍ പദ്ധതി.
ആധാര്‍ കാര്‍ഡില്‍ ഓരോരുത്തര്‍ക്കും ഓരോ നമ്പര്‍ ഉണ്ടാവുമെന്നതിനാല്‍ വിശദവിവരങ്ങള്‍ കൂടുതല്‍ ടൈപ്പ് ചെയ്യേണ്ടി വരില്ല. നമ്പര്‍ അടിയ്ക്കുന്നതിലൂടെ യാത്രക്കാരന്റെ വ്യക്തിപരമായ വിവരങ്ങള്‍ സ്‌ക്രീനിലെത്തും. തത്കാല്‍ എന്നത് അത്യാവശ്യ യാത്രക്കുള്ള സംവിധാനമാണ്. എന്നാല്‍ ഇന്ന് അത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്-റയില്‍വേ മന്ത്രി ദിനേഷ് ത്രിവേദി അറിയിച്ചു.












Click it and Unblock the Notifications