എട്ടുദിവസത്തിനുശേഷം വിപണി നേട്ടത്തില്‍

രൂപയുടെ മൂല്യം എക്കാലത്തെയും കുറഞ്ഞ തലത്തിലേക്ക് കൂപ്പുകുത്തിയത് കയറ്റുമതി സാധ്യതയുള്ള ഓഹരികള്‍ക്കെല്ലാം അനുഗ്രഹമായി. ഐടി, മെറ്റല്‍, ഹെല്‍ത്ത്, ബാങ്കിങ് ഓഹരികളാണ് ഏറെ നേട്ടമുണ്ടാക്കിയത്. പ്രധാനപ്പെട്ട യൂറോപ്യന്‍ വിപണികളെല്ലാം നേട്ടത്തിലൂടെ നീങ്ങാന്‍ തുടങ്ങിയതും സെന്‍സെക്‌സിനും നിഫ്റ്റിക്കും സഹായകമായി.
എന്നാല്‍ ഈ മുന്നേറ്റത്തെ കാര്യമായെടുക്കേണ്ടെന്നാണ് ബിഎന്‍പി പാരിബാസിന്റെ ഗൗരങ് ഷായുടെ അഭിപ്രായം. വന്‍കിട ഓഹരികളെല്ലാം തിരുത്തലിനു വിധേയമായിട്ടും കാര്യമായ വാങ്ങലുകള്‍ നടക്കാത്തതു തന്നെയാണ് ഇത്തരമൊരു നിഗമനത്തിനു പ്രധാനകാരണം. രൂപയുടെ മൂല്യത്തില്‍ ഒരു ശതമാനം വ്യത്യാസമുണ്ടായത് കയറ്റുമതിക്കാരുടെ വരുമാനത്തില്‍ അരശതമാനം വരെ അധികനേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആംടെക് ഓട്ടോ ലിമിറ്റഡ് 19.20 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി നേട്ടക്കാരുടെ പട്ടികയില്‍ ഏറ്റവും മുന്നിലെത്തി. കഴിഞ്ഞ കുറച്ചുദിവസങ്ങളായി വന്‍ തിരിച്ചടികള്‍ നേരിട്ട പാന്റലൂണ്‍ റീട്ടെയില്‍ 8.38 ശതമാനം മുന്നോട്ടുകയറിയതും ശ്രദ്ധേയമായി. ടാറ്റാ മോട്ടോര്‍സ്, അരബിന്ദോ ഫാര്‍മ, ജെറ്റ് എയര്‍വെയ്‌സ് കമ്പനികള്‍ക്കും നല്ല ദിവസമായിരുന്നു.
ടൈറ്റാന്‍ ഇന്‍ഡസ്ട്രീസ്, യുനൈറ്റഡ് സ്പിരിറ്റ്‌സ്, റെഡിങ്ടണ്‍ ഇന്ത്യ, മണപ്പുറം ഫിനാന്‍സ്, സീമെന്‍സ് ഓഹരികളാണ് നഷ്ടക്കാരുടെ പട്ടികയിലെ ആദ്യ അഞ്ചു സ്ഥാനക്കാര്‍. വിപണി മൂലധനത്തില്‍ മുന്നിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കോള്‍ ഇന്ത്യ, ടാറ്റാ സ്റ്റീല്‍ ഓഹരികള്‍ നേട്ടമുണ്ടാക്കി. കേരളത്തില്‍ നിന്നുള്ള മണപ്പുറം നാലുശതമാനത്തോളം നഷ്ടം രേഖപ്പെടുത്തി.












Click it and Unblock the Notifications