ചില്ലറ വ്യാപാരമേഖലയില്‍ 51% വിദേശനിക്ഷേപം

ഇതോടെ പത്തുലക്ഷത്തിനുമേല്‍ ജനസംഖ്യയുള്ള നഗരങ്ങളില്‍ മള്‍ട്ടി ബ്രാന്‍ഡ് വില്‍പനശാലകള്‍ തുറക്കാന്‍ വാള്‍മാര്‍ട്ട്, കാരെഫോര്‍, ടെസ്‌കോ തുടങ്ങിയ ബഹുരാഷ്ട്ര വില്‍പന ശൃംഖലകള്‍ക്ക് ഇത് അവസരമൊരുക്കും.
ലക്ഷക്കണക്കിന് കോടി രൂപ കുത്തിയൊഴുകുന്ന കമ്പോളമാണ് വിദേശകമ്പനികള്‍ക്ക് പുതിയ തീരുമാനത്തിലൂടെ തുറന്നുകിട്ടുന്നത്. കൃഷികഴിഞ്ഞാല്‍ ഇന്ത്യയിലേറ്റവുമധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന മേഖലയാണ് ചില്ലറവ്യാപാരം. ഏതാണ്ട് 29.50 ലക്ഷം കോടി രൂപയുടെ വ്യാപാരം നടക്കുന്ന ചില്ലറ വ്യാപാര മേഖലയിലെത്തുന്ന ഭീമന്‍മാരോട് മത്സരിയ്ക്കാന്‍ പ്രാദേശിക കച്ചവടക്കാര്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരുമെന്ന് ഉറപ്പാണ്.
സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ട്, ഉപാധികളോടെയാണു തീരുമാനമെന്നു സര്‍ക്കാര്‍ വാദിക്കുന്നുണ്ടെങ്കിലും ചില്ലറവ്യാപാര മേഖലയില്‍ എഫ്.ഡി.ഐ. അനുവദിക്കാനുള്ള നീക്കം എന്തു വില കൊടുത്തും തടയുമെന്നു ബി.ജെ.പിയും ഇടതുപക്ഷവും പ്രഖ്യാപിച്ച കഴിഞ്ഞു. പുതിയ മന്ത്രിസഭാ തീരുമാനം സര്‍ക്കാര്‍ ഇന്നു പാര്‍ലമെന്റിനെ അറിയിക്കും.
മന്ത്രിസഭാ യോഗത്തില്‍ രണ്ടു മണിക്കൂറിലേറെ ചര്‍ച്ച ചെയ്ത ശേഷമാണ് മള്‍ട്ടി ബ്രാന്‍ഡ് മേഖലയില്‍ എഫ്.ഡി.ഐ. അനുവദിക്കാന്‍ തീരുമാനിച്ചത്. റീട്ടെയില്‍ മേഖലയില്‍ ഒരു വിധത്തിലും എഫ്.ഡി.ഐ. പാടില്ലെന്ന് വ്യാഴാഴ്ച തന്നെ ബി.ജെ.പിയും ഇടതുപക്ഷവും വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തരം നീക്കമുണ്ടായാല്‍ പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഇരുകൂട്ടരും മുന്നറിയിപ്പു നല്‍കി. ഘടകകക്ഷികളായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ എതിര്‍പ്പും ഡി.എം.കെയുടെ ആശങ്കകളും സര്‍ക്കാര്‍ അവഗണിച്ചിരിയ്ക്കുകയാണ്. യുപിഎയ്ക്കുള്ളില്‍ തന്നെ എതിര്‍പ്പുള്ളതിനാല്‍ പുതിയ തീരുമാനം നടപ്പാക്കാന്‍ സര്‍ക്കാരിന് മുന്നിലുള്ള വെല്ലുവിളികള്‍ ഏറെയാണ്.












Click it and Unblock the Notifications