ബോസ്റ്റണ്‍: വിമാനയാത്രക്കിടെ ബാലരതി കണ്ട യാത്രക്കാരനെ പൊലീസ് അറസ്റ്റുചെയ്തു. സാള്‍ട് ലേക്ക് സിറ്റിയില്‍ നിന്നും യാത്രതിരിച്ച ഡെല്‍റ്റ് ഫ്‌ളൈറ്റിലാണ് സംഭവം നടന്നത്. 47കാരനായ ഗ്രാന്റ് സ്മിത്തിനെയാണ് കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് മസാച്ചുസെറ്റ്‌സ് സ്റ്റേറ്റ് പൊലീസ് അറസ്റ്റുചെയ്തത്.
ശനിയാഴ്ച ഉച്ചതിരിഞ്ഞ് വിമാനത്തില്‍ യാത്രചെയ്യുമ്പോള്‍ സ്വന്തം ലാപ്‍ടോപ്പില്‍ ഇയാള്‍ അശ്ലീലം കാണുന്നത് ശ്രദ്ധയില്‍പ്പെട്ട സഹയാത്രികന്‍ വിമാനജോലിക്കാരെ വിവരം അറിയിക്കുകയായിരുന്നു. ഇവരാണ് പിന്നീട് പൊലീസിന് വിവരം നല്‍കിയത്.
വിമാനം ബോസ്റ്റണിലെ ലോഗന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ഉടന്‍തന്നെ പൊലീസ് സ്മിത്തിനെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ചോദ്യം ചെയ്യുകയും അറസ്റ്റുരേഖപ്പെടുത്തുകയുമായിരുന്നു. ഇയാളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.