പുഴുവരിച്ച അച്ചാര്‍: ഹോട്ടലില്‍ സംഘര്‍ഷം
തിരുവനന്തപുരം: പുളിമൂട് ബിബിഎ റസ്റ്റോറന്റില്‍ പുഴുവരിച്ച അച്ചാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സംഘര്‍ഷം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം.
സെക്രട്ടറിയേറ്റ് ജീവനക്കാരനായ ഹുസൈനും സുഹൃത്തുക്കള്‍ക്കും നല്‍കിയ അച്ചാറില്‍ നിന്ന് പുഴുവിനെ കണ്ടെത്തിയതിതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്.
ഇത് അബദ്ധത്തില്‍ പറ്റിയതാണെന്നു പറഞ്ഞ് ഹോട്ടല്‍ ജീവനക്കാരന്‍ അച്ചാര്‍ തിരികെയെടുത്തു കൊണ്ടു പോയി. എന്നാല്‍ ജീവനക്കാരന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഹുസൈനും സുഹൃത്തുക്കളും ജീവനക്കാരനെ പിന്‍തുടര്‍ന്ന് അടുക്കളയിലെത്തിയപ്പോഴാണ് നാരങ്ങ അച്ചാറും സ്വീറ്റ് അച്ചാറും ഇട്ടുവച്ചിരിക്കുന്ന കുപ്പികളില്‍ നിറയെ പുഴുക്കളെ കണ്ടെത്തിയത്.
തുടര്‍ന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന മറ്റാളുകളും ഇവരുടെ കൂടെ ചേര്‍ന്ന് ഹോട്ടല്‍ വളഞ്ഞു. പുഴുവിനെ കിട്ടിയത് ഹോട്ടലുടമയെ കാണിക്കാനായി ക്യാഷ് കൗണ്ടറിലേയ്ക്ക് പോയ സമയത്ത് ജീവനക്കാര്‍ അച്ചാര്‍ കുപ്പികള്‍ എടുത്തു മാറ്റിയെന്ന് ചിലര്‍ ആരോപിച്ചതോടെ ഹോട്ടലില്‍ സംഘര്‍ഷമായി.
പിന്നീട് ഒരു മണിക്കൂറിന് ശേഷം നഗരസഭ ഹെല്‍ത്ത് വിഭാഗം എത്തി ഭക്ഷണം പിടിച്ചെടുത്തു. വൃത്തിഹീനമായ അന്തരീക്ഷം മാറ്റണമെന്നാവശ്യപ്പെട്ട് ഇവര്‍ക്ക് ഒരു മാസം മുന്‍പ് നോട്ടീസ് നല്‍കിയിരുന്നതായി ജെഎച്ച്‌ഐ മോഹനചന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications