രാജ്യസഭയിലും ലോക്‌സഭയിലും മുല്ലപ്പെരിയാര്‍

രണ്ടാഴ്ചയായി പാര്‍ലമെന്റിന് അകത്തും പുറത്തും കേരളം മുല്ലപ്പെരിയാര്‍ പ്രശ്‌നം ഉന്നയിക്കാന്‍ ശ്രമിച്ചെങ്കിലും പലവട്ടം സഭ സ്തംഭിച്ചതിനാല്‍ അതിന് കഴിഞ്ഞില്ല. ഒടുവിലാണ് ബുധനാഴ്ച വൈകീട്ട് ശൂന്യവേളയില്‍ വിഷയം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചത്. പിടി തോമസ് എംപിയാണ് പ്രശ്‌നം ലോക്‌സഭയില്‍ അവതരിപ്പിച്ചത്.
പി.ടി തോമസ് പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടു. ഇതിനെതിരേ തമിഴ്‌നാട് എം.പിമാര്‍ ശബ്ദമുയര്‍ത്തി. ജോസ് കെ. മാണി, ആന്റോ ആന്റണി, എം.ബി. രാജേഷ്, എ. സമ്പത്ത്, പി.കെ. ബിജു എന്നിവര്‍ ചേര്‍ന്നാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള അംഗങ്ങളുടെ വാദങ്ങളെ തടുത്തത്.
പ്രശ്‌നത്തില്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളും ബിജെപി ദേശീയ നേതൃത്വവും മൗനം പാലിക്കുകയായിരുന്നു.
ജോസ് കെ. മാണി സംസാരിച്ചപ്പോഴും തമിഴ്‌നാട് എം.പിമാര്‍ ബഹളംവച്ചു. സര്‍വകക്ഷി സംഘത്തെ മുല്ലപ്പെരിയാറിലേക്കയയ്ക്കണമെന്നായിരുന്നു ആവശ്യം. ബഹളം മൂലം പ്രസംഗം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. സഭ അതോടെ പിരിയുകയും ചെയ്തു.
രാജ്യസഭയില്‍ തമിഴ്‌നാട് എം.പിമാര്‍ തങ്ങളുടെ വാദവുമായി എഴുന്നേറ്റപ്പോള്‍ എതിര്‍ത്തത് പി.ജെ. കുര്യനും സിപിഎമ്മിലെ ടി.എന്‍. സീമയുമാണ്. കേരളത്തിലെ ലക്ഷക്കണക്കിന് ആളുകള്‍ ജീവന്മരണ പോരാട്ടമാണു നടത്തുന്നതെന്നും ആശങ്കയോടെ ജീവിക്കാന്‍ കഴിയില്ലെന്നും സീമ വ്യക്തമാക്കി. പുതിയ അണക്കെട്ടു മാത്രമാണു പരിഹാരമെന്നു കുര്യന്‍ പറഞ്ഞു.
കേരളം അനാവശ്യമായി ഭീതി പരത്തുകയാണെന്നും സുപ്രീംകോടതിയുടെ 2006ലെ ഉത്തരവു നടപ്പാക്കാന്‍ കേന്ദ്രം ഇടപെടണമെന്നുമാണ് എഐഎഡിഎംകെ. നേതാവ് ഡോക്ടര്‍ മൈത്രേയന്‍ വാദിച്ചത്. കേരള എ.ജി. ഹൈക്കോടതിയില്‍ പറഞ്ഞ കാര്യങ്ങളായിരുന്നു മൈത്രേയനും ഡിഎംകെ നേതാവ് ശിവയും കേരളത്തിനെതിരേ പ്രയോഗിച്ചത്.
സിപിഐ അംഗമായ എ രാജ പക്ഷംപിടിക്കാതെ സംസാരിച്ചപ്പോള്‍ സിപിഎം എംപി രംഗരാജന്‍ തമിഴ്‌നാടിന് വേണ്ടി ശക്തമായി വാദിക്കുകയായിരുന്നു. മലയാളി സംവിധായകന്‍ സോഹന്‍ റോയിയുടെ വിവാദചിത്രം ഡാം 999നെക്കുറിച്ചും രംഗരാജന്‍ സംസാരച്ചു.
ഇടക്ക് കുര്യന്‍ സംസാരിക്കുമ്പോള്‍ മൈത്രേയന്‍ എഴുന്നേല്‍ക്കുകയും ഉപാധ്യക്ഷന്‍ റഹ്മാന്‍ ഖാനുമായി തര്‍ക്കിക്കുകയും ചെയ്തു. പ്രശ്‌നം രൂക്ഷമായിട്ടും ആഭ്യന്തര മന്ത്രി പി. ചിദംബരമോ രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയോ പ്രതികരിച്ചില്ല.












Click it and Unblock the Notifications