തലൈവിയെ കാണാന്‍ മലയാളതാരങ്ങള്‍
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാനായി മലയാള സിനിമാതാരങ്ങള്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കാണാനൊരുങ്ങുന്നു. പ്രശ്‌നം രമ്യതയില്‍ പരിഹരിക്കണമെന്ന് ഇവര്‍ ജയലളിതയോട് ആവശ്യപ്പെടും.
താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ ചെന്നൈയിലെത്തി നേരിട്ടു ജയലളിതയെ കാണാനാണു താരങ്ങളുടെ തീരുമാനം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സിനിമാതാരങ്ങള്‍ ഇതുവരെ പ്രതികരിക്കാന്‍ തയാറായില്ലെന്ന പരാതി പരിഹരിക്കുക എന്നൊരു ഉദ്ദേശവും സന്ദര്‍ശനത്തിന് പിന്നിലുണ്ട്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ജയലളിതയോടൊപ്പം ഒരുമിച്ചഭിനയിച്ച സീനിയര്‍ താരമായ സുകുമാരിയാണു ചര്‍ച്ചകള്‍ക്കു മേല്‍നോട്ടം വഹിക്കുന്നത്. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തെ തുടര്‍ന്നു കേരളത്തില്‍ നടക്കുന്നതെന്താണെന്നതിനെ കുറിച്ച് ജയലളിത സുഹൃത്തു കൂടിയായ നടി സുകുമാരിയോട് ഫോണില്‍ തിരക്കിയിരുന്നു. ഇക്കാര്യം സുകുമാരി ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മയുടെ ഭാരവാഹികളെ അറിയിച്ചു.
തുടര്‍ന്ന് അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ്, സുകുമാരി, പഴയകാല നടീനടന്‍മാര്‍ എന്നിവരടങ്ങുന്ന സംഘം ജയലളിതയെ കാണാന്‍ തീരുമാനിയ്ക്കുകയായിരുന്നു.
അതേസമയം മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ചലച്ചിത്രതാരങ്ങള്‍ മൗനം പാലിക്കുന്നുവെന്ന മാധ്യമപ്രചാരണം തെറ്റാണെന്ന് 'അമ്മ' സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. പ്രശ്‌നം വഷളാകാതിരിക്കാനാണു താരങ്ങള്‍ ശ്രമിക്കുന്നത്. അതിനാലാണ് കൊച്ചിയില്‍ നടീനടന്‍മാര്‍ പ്രാര്‍ഥനാ യജ്ഞം നടത്തിയതെന്നും ബാബു പറഞ്ഞു.












Click it and Unblock the Notifications