മോഹന്‍ലാല്‍ വിളിച്ചു; അഴീക്കോട് പിണക്കം മറന്നു

മോഹന്‍ലാല്‍ നടത്തിയ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ കോടതിയിലുള്ള മാനനഷ്ടക്കേസ് ഒരു ഉപാധിയുമില്ലാതെ ഒത്തുതീരുകയും ചെയ്തു. കേസ് ഒത്തുതീര്‍ക്കുന്നതിനായി അഴീക്കോടിന്റെ അഭിഭാഷക തിങ്കളാഴ്ച ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കും.
പിണക്കം തീര്‍ന്നത് ഇങ്ങനെ, അമല ആസ്പത്രിയില്‍ അഴീക്കോട് ചികിത്സയിലാണെന്ന വിവരം അദ്ദേഹത്തിന്റെ അഭിഭാഷക ലീന ജയസൂര്യന്‍, മോഹന്‍ലാലിന്റെ അഭിഭാഷകന്‍ കെ.ആര്‍. രാധാകൃഷ്ണന്‍ നായരെ അറിയിച്ചു.
രാധാകൃഷ്ണന്‍ നായര്‍ ഇക്കാര്യം ദുബയിലുള്ള മോഹന്‍ലാലിനെ അറിയിച്ചു. തുടര്‍ന്ന് നേരില്‍ച്ചെന്ന് അഴീക്കോടിനെക്കാണാന്‍ ലാല്‍ അഭിഭാഷകനോട് ആവശ്യപ്പെട്ടു. ഇതുപ്രകാരം രാധാകൃഷ്ണന്‍ നായര്‍ എറണാകുളത്തുനിന്നും അമല ആശുപത്രിയിലെത്തി, അഴീക്കോടിനെക്കണ്ടു.
ഈ സമയത്ത് മോഹന്‍ലാല്‍ അഭിഭാഷകന്റെ ഫോണില്‍ വിളിയ്ക്കുകയും അഴീക്കോടിനോട് സംസാരിക്കുകയും ചെയ്തു. ഫോണ്‍ സംസാരം ഏറെ നേരം നീണ്ടു. ഇതിന് പിന്നാലെ ലാലിന്റെ അമ്മ ശാന്തകുമാരിയും ഫോണില്‍ വിളിച്ച് അഴീക്കോടിന്റെ അസുഖവിവരങ്ങള്‍ തിരക്കി.
ലാലും അമ്മയും സംസാരിച്ചപ്പോള്‍ത്തന്നെ തന്റെ അസുഖം പകുതിമാറിയെന്നാണ് അഴീക്കോട് പ്രതികരിച്ചത്. കേസ് പിന്‍വലിക്കുവാനുള്ള നടപടികള്‍ തയ്യാറാക്കാന്‍ അദ്ദേഹം അഭിഭാഷകരോട് ആവശ്യപ്പെടുകയും ചെയ്തു.
അഭിഭാഷക കൊണ്ടുവന്ന പെറ്റീഷനില്‍ ഇരുവരുടെയും അഭിഭാഷകരുടെ സാന്നിധ്യത്തില്‍ അഴീക്കോട് ഒപ്പുവെച്ചു. കേസ് ഇത്തരത്തില്‍ ഒത്തുതീര്‍പ്പാകുന്നതിലും ലാല്‍ വിളിച്ചതിലും ഏറെ സന്തോഷിക്കുന്നുവെന്ന് അദ്ദേഹം പറയുകയും ചെയ്തു.
'അമ്മ' എന്ന സംഘടന കൊടുത്ത കേസിനെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ സൂചിപ്പിച്ചപ്പോള്‍ ആ 'അമ്മ'യില്ലെങ്കിലും 'തിരുവനന്തപുരത്തെ അമ്മ' എന്റെ കൂടെയുണ്ടല്ലൊ'-എന്നായിരുന്നു അഴീക്കോടിന്റെ പ്രതികരണം.
തിലകനും താരസംഘടനയായ അമ്മയും തമ്മിലുള്ള പ്രശ്‌നത്തില്‍ അഴീക്കോട് ഇടപെടുകയും മോഹന്‍ലാലിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിന് മറുപടിയായി ഒരു ചാനല്‍ അഭിമുഖത്തില്‍ ലാല്‍ നടത്തിയ പരാമര്‍ശമാണ് കേസിന് കാരണമായത്.












Click it and Unblock the Notifications