അത്മാര്‍ത്ഥതയുള്ളത് ജോസഫിന് മാത്രം: വിജയകുമാര്‍
പത്തനാപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആത്മാര്‍ഥതയോടെ പോരാടുന്ന ഒരേ ഒരു മന്ത്രി പി.ജെ. ജോസഫാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം വിജയകുമാര്‍.
മുയലുകള്‍ക്കൊപ്പം ഓടുകയും വേട്ടനായ്ക്കള്‍ക്കൊപ്പം വേട്ടയാടുകയും ചെയ്യുന്നയാളാണു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്നും വിജയകുമാര്‍ ആരോപിച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിയമസഭയില്‍ ഏകകണ്ഠമായി പ്രമേയം പാസാക്കി എന്നാണു പറയുന്നത്. ഇതിനു കടലാസിന്റെ വിലപോലുമുണ്ടോയെന്നും വിജയകുമാര്‍ ചോദിച്ചു.
യഥാര്‍ത്ഥത്തില്‍ കേരളം ഭരിക്കുന്നതു കുഞ്ഞാലിക്കുട്ടിയാണ്. ഉമ്മന്‍ ചാണ്ടിക്ക് ഇരട്ടമുഖമാണ്. അതിവേഗം ബഹുദൂരം അഴിമതിയിലേക്കു പൊയ്‌ക്കൊണ്ടിരിക്കുന്ന സര്‍ക്കാരാണ് ചാണ്ടിയുടേത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഇത്രയേറെ അഴിമതി ആരോപണം കേട്ട ചരിത്രം ഇതുവരെ ഉണ്ടായിട്ടില്ല.
2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ ആഭ്യന്തര മന്ത്രി ചിദംബരത്തെയാണ് അകത്താക്കേണ്ടത്. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് അഴിമതിയില്‍ വ്യക്തമായ പങ്കുണ്ട്- അദ്ദേഹം ആരോപിച്ചു.
എ.കെ. ആന്റണി, പ്രണബ് മുഖര്‍ജി ഉള്‍പ്പെടെയുള്ള പ്രതിഭാശാലികള്‍ ഉള്ളപ്പോള്‍ അരാഷ്ട്രീയവാദിയായ ഒരാളെ പ്രധാനമന്ത്രിയാക്കേണ്ട ഗതികേടാണു കോണ്‍ഗ്രസിനുണ്ടായിട്ടുള്ളതെന്നും വിജയകുമാര്‍ പഞ്ഞു. പത്തനാപുരത്തും പൂഞ്ഞാറിലുമുള്ള വന്യജീവികള്‍ വെറും കടലാസുപുലികളാണെന്നും വിജയകുമാര്‍ പരിഹസിച്ചു.
സിപിഎം പത്തനാപുരം ഏരിയ സമ്മേളനം ഉത്ഘാടനം ചെയ്യവേയാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ വിജയകുമാര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.












Click it and Unblock the Notifications