കെട്ടിന് പിന്നാലെ വധുവിന്റെ സ്വര്‍ണം മോഷണം പോയി
ഹൈദരാബാദ്: വിവാഹച്ചടങ്ങിനിടെ വധുവിന്റെ 43ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങള്‍ മോഷണം പോയി. ആന്ധ്രയിലെ നല്ലൂര്‍ ജില്ലയിലെ ബോവന്‍പള്ളിയിലാണ് സംഭവം നടന്നത്.
നല്ലൂര്‍ സ്വദേശിയായ ബിസിനസുകാരന്റെ മകളുടെ വിവാഹച്ചടങ്ങാണ് വന്‍തുകയുടെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതിനെത്തുടര്‍ന്നതിനെത്തുടര്‍ന്നുണ്ടായ അങ്കലാപ്പിലില്‍ അലങ്കോലമായത്. ബോവെന്‍ഹള്ളിയിലെ മാര്‍വല്‍ വിവാഹഹാളില്‍ വച്ചായിരുന്നു ചടങ്ങുകള്‍. അമേരിക്കയില്‍ നിന്നും പഠനം കഴിഞ്ഞ് തിരിച്ചെത്തിയ പെണ്‍കുട്ടി അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ യുവാവിനെയാണ് വിവാഹം ചെയ്തത്.
ഉച്ചതിരിഞ്ഞ് ഒന്നരമണിയോടെ വിവാഹച്ചടങ്ങുകള്‍ കഴിഞ്ഞു. തുടര്‍ന്ന് വിശ്രമിക്കാനായി വധു ചടങ്ങിനായി അണിഞ്ഞിരുന്ന ആഭരണങ്ങളെല്ലാം അഴിച്ചു ഒരു കവറിലാക്കി ബന്ധുവിന്റെ കയ്യില്‍ സൂക്ഷിക്കാന്‍ കൊടുത്തു.
സോഫയില്‍ ഇരിക്കുകയായിരുന്ന ബന്ധുവായ സ്ത്രീ ആഭരണമുണ്ടായിരുന്ന കവറും അടുത്തുതന്നെ സൂക്ഷിച്ചുവച്ചു. തുടര്‍ന്ന് വിവാഹത്തിനെത്തിയ ചില ബന്ധുക്കള്‍ അകത്തേയ്ക്ക് വന്നപ്പോള്‍ അവരോട് സംസാരിക്കാനായി ഈ സ്ത്രീ എഴുന്നേറ്റു, പിന്നീട് ബന്ധുക്കള്‍ പോയതിന് പിന്നാലെ ഇവരും പുറത്തുപോയി. പിന്നാലെ കവറും കാണാതാവുകയായിരുന്നു. തുടര്‍ന്ന് ഹാള്‍ മുഴുവന്‍ തിരഞ്ഞിട്ടും ആഭരണമുള്ള കവര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് വധുവിന്റെ അമ്മാവന്‍ പൊലീസിനെ വിളിച്ച് വിവരം പറഞ്ഞു.
ആഭരണങ്ങളുടെ കൂട്ടത്തില്‍ ഒരു വജ്രമാലയുണ്ടായിരുന്നുവെന്നും സ്വര്‍ണത്തിന്റെ അരപ്പട്ടയുണ്ടായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. എല്ലാകൂടി 43ലക്ഷം രൂപയുടെ ആഭരണങ്ങളുണ്ടെന്നാണ് വധുവിന്റെ വീട്ടുകാര്‍ പരാതിപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications