മുംബൈ: തുടര്‍ച്ചയായി മൂന്നു ദിവസം നഷ്ടത്തിലേക്ക് നീങ്ങിയ ഇന്ത്യന്‍ വിപണിയില്‍ ചൊവ്വാഴ്ച പച്ച കത്തി. വിപണി മൂലധനത്തില്‍ ഏറ്റവും മുന്നിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് രണ്ടു ശതമാനത്തോളം നേട്ടമുണ്ടാക്കിയതും ബാങ്കിങ്, എഫ്എംസിജി, മെറ്റല്‍, ഓട്ടോ, പവര്‍, ഫാര്‍മ മേഖലയിലെ ഓഹരികള്‍ വാങ്ങാന്‍ ആളുകള്‍ താല്‍പ്പര്യം കാണിച്ചതുമാണ് ഈ തിരിച്ചുവരവിന് കാരണമായത്. സെന്‍സെക്‌സ് 132.16 പോയിന്റുയര്‍ന്ന് 16002.51ലും നിഫ്റ്റി 36 പോയിന്റ് വര്‍ധിച്ച് 4800.60ലും ക്ലോസ് ചെയ്തു.
ജിഎംആര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ജിന്‍ഡാല്‍ സ്റ്റീല്‍, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ഗോദ്‌റേജ് ഇന്‍ഡസ്ട്രീസ് ഓഹരികളാണ് നേട്ടമുണ്ടാക്കിയവരുടെ പട്ടികയില്‍ മുന്നിലെത്തിയത്. അതേ സമയം പാന്റലൂണ്‍ റീട്ടെയില്‍, അപ്പോളോ ഹോസ്പിറ്റല്‍സ്, ആംടെക് ഓട്ടോ, ജെയിന്‍ ഇറിഗേഷന്‍, സിന്റെക്‌സ് എന്നീ ഓഹരികള്‍ക്ക് കനത്ത തിരിച്ചടിയേറ്റു.
727.90ല്‍ വില്‍പ്പന തുടങ്ങിയ റിലയന്‍സ് 2.02 ശതമാനം നേട്ടത്തോടെ 742.60ലും ടാറ്റാ സ്റ്റീല്‍ 1.61 ശതമാനം അധികരിച്ച് 391.95ലും കോള്‍ ഇന്ത്യ 1.30 ശതമാനം വര്‍ധിച്ച് 308.40ലും വില്‍പ്പന അവസാനിപ്പിച്ചു.