കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴീക്കോടിന് മുന്നില്‍ പത്മനാഭനും വൈരം മറന്നു

  • By Lakshmi
Google Oneindia Malayalam News

Sukumar Azhikode
തൃശൂര്‍: അര്‍ബുദരോഗബാധയെത്തുടര്‍ന്ന് അമല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഡോക്ടര്‍ സുകുമാര്‍ അഴീക്കോടിന് മുന്നില്‍ പിണക്കങ്ങളും വൈരങ്ങളും ഉരുകിത്തീരുന്നു. വര്‍ഷങ്ങളായി കലഹിച്ചവരും മിണ്ടാതിരിക്കുന്നവരുമെല്ലാം ആശുപത്രിയില്‍ എത്തി അഴീക്കോടിനെ കാണുകയാണ്.

കഴിഞ്ഞ ദിവസം പതിനെട്ടുവര്‍ഷത്തെ പിണക്കം മറന്ന് എംകെ സാനു വന്നതിന് പിന്നാലെ എത്തിയത് കഥാകൃത്ത് ടി പത്മനാഭനും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമാണ്.

തീര്‍ത്തും വികാരനിര്‍ഭരമായിരുന്നു പത്മനാഭന്റെയും അഴീക്കോടിന്റെയും സമാഗമം. വര്‍ഷങ്ങളോളം ഏറ്റുമുട്ടിയ രണ്ടുപേരും വിതുമ്പലൊതുക്കിയാണ് സംസാരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് പത്മനാഭന്‍ അമല ആശുപത്രിയില്‍ എത്തിയത്.

'നിന്നോട് ഗുസ്തി പിടിക്കാന്‍ എനിക്ക് ആരോഗ്യമില്ലല്ലോ പത്മാനാഭാ' എന്നു പറഞ്ഞുകൊണ്ടാണ് അഴീക്കോട് പത്മനാഭനെ സ്വീകരിച്ചത്. എന്നും എതിര്‍ചേരികളിലായിരുന്നു തങ്ങളെന്നും ഇപ്പോള്‍ വന്നുകാണാന്‍ മനസ്സുകാണിച്ചതോടെ പത്മനാഭന്‍ വീണ്ടും ജയിച്ചുവെന്നും അഴീക്കോട് പറഞ്ഞു.

20 മിനിറ്റുമാത്രമാണ് കൂടിക്കാഴ്ച നീണ്ടത്, പത്മനാഭനെയും അഴീക്കോടിനെയും ആരാധിക്കുന്നവര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങളായിരുന്നു ആശുപത്രിയിലേത്.

പത്മനാഭന്‍ തിരിച്ചുപോയതിന് പിന്നാലെയാണ് വെള്ളാപ്പള്ളി നടേശന്‍ പത്‌നി പ്രീതിയോടൊപ്പം ആശുപത്രിയില്‍ എത്തിയത്. അഴീക്കോടുമായി പലപ്പോഴും ഏറ്റുമുട്ടിയ വെള്ളാപ്പള്ളിയ്ക്ക് പക്ഷേ അദ്ദേഹം അവശനായി കിടക്കുന്നത് കണ്ട് ദുഖം പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞില്ല.

ഏതെങ്കിലും തരത്തില്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പു നല്‍കണമെന്ന് അഴീക്കോടിന്റെ കാലില്‍ തൊട്ടു വന്ദിച്ച് വെള്ളാപ്പള്ളി പറഞ്ഞു. ശാശ്വതമായ വിരോധം സാധ്യമല്ലെന്നും സ്‌നേഹം മാത്രമേ നിലനില്‍ക്കുകയുള്ളൂവെന്നും അഴീക്കോട് വെള്ളാപ്പള്ളിയോടു പറഞ്ഞു.

English summary
Writer T Padmanabhan and SNDP Yogam General secretary Vellapally Nadeshan are visited Dr Sukumar Azhikode at Amala hospital,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X