രാത്രിയാത്ര നിരോധനം: സമയം കൂട്ടില്ല
ബാംഗ്ലൂര്‍: ബന്ദിപ്പുര്‍ വനമേഖലയിലൂടെയുള്ള രാത്രിയാത്രാ നിരോധന സമയം കൂട്ടില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സദാനന്ദ ഗൗഡ ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
രാത്രിയാത്രാ നിരോധനം മൂലമുള്ള യാത്രക്കാരുടെ ബുദ്ധിമുട്ട് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധി സംഘം സദാനന്ദ ഗൗഡയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ തീരുമാനങ്ങള്‍ മുഖ്യമന്ത്രി അറിയിച്ചത്.
തകര്‍ന്നുകിടക്കുന്ന ബദല്‍പാതയായ ഗുണ്ടല്‍പ്പേട്ട്-ഹുല്‍സൂര്‍ കുട്ട-മാനന്തവാടി റോഡ് ഏപ്രിലോടെ ഗതാഗത യോഗ്യമാക്കുമെന്നും ബൈരക്കുപ്പ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിര്‍മാണത്തിനായി ഊര്‍ജിത പ്രവര്‍ത്തനം നടത്തുമെന്നും സദാനന്ദ ഗൗഡ പറഞ്ഞതായും ഉമ്മന്‍ചാണ്ടി അറിയിച്ചു.
രാത്രി ഒമ്പത് മുതല്‍ രാവിലെ ആറുവരെയാണ് ഇപ്പോഴത്തെ രാത്രിയാത്രാ നിരോധനം. ഈ സമയം ദീര്‍ഘിപ്പിച്ച് വൈകുന്നേരം ആറ് മുതല്‍ രാവിലെ ആറ് വരെ ആക്കാനുള്ള നീക്കം ഉണ്ടായിരുന്നു. എന്നാല്‍, സമയം ദീര്‍ഘിപ്പിക്കില്ലെന്ന് സദാനന്ദ ഗൗഡ കേരള സംഘത്തിന് ഉറപ്പുനല്‍കി.
പ്രശ്‌നം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ കര്‍ണാടക സര്‍ക്കാറിന് ഇപ്പോള്‍ തീരുമാനങ്ങളൊന്നും എടുക്കാന്‍ കഴിയില്ലെന്ന് സദാനന്ദ ഗൗഡ വിശദീകരിച്ചെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സുപ്രീംകോടതിയിലെ നിയമനടപടികള്‍ തീര്‍ന്നാല്‍ ഈ കാര്യത്തില്‍ കേരളത്തിന്റെ ആവശ്യം കൂടി കണക്കിലെടുത്തുകൊണ്ടുള്ള തീരുമാനമുണ്ടാകുമെന്നും ഗൗഡ ഉറപ്പുനല്‍കിയിട്ടുണ്ട്.
മന്ത്രി പി.കെ ജയലക്ഷ്മി, എംഎല്‍എമാരായ എം.വി ശ്രേയാംസ്‌കുമാര്‍, ഐ.സി ബാലകൃഷ്ണന്‍, എം.പി മാരായ എം.ഐ ഷാനവാസ്, എം.കെ രാഘവന്‍, എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തു. ഗൗഡയുടെ ഔദ്യോഗിക വസതിയായ 'കൃഷ്ണ'യിലാണ് ചര്‍ച്ച നടന്നത്.












Click it and Unblock the Notifications