അപമാനശ്രമം; യുവാവിനെ യുവതി കൈകാര്യം ചെയ്തു
തൃശൂര്‍: കുളിമുറിയില്‍ കയറി യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചയാളെ സഹോദരി പിടികൂടി പൊലീസില്‍ എല്‍പ്പിച്ചു. എടപ്പാള്‍-തൃശൂര്‍ റോഡില്‍ കണ്ണഞ്ചിറയില്‍ തിങ്കളാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം നടന്നത്.
ഇവിടെയുള്ള ഒരു വീടിന്റെ പിന്നിലെ കുളിമുറിയില്‍ യുവതി കുളിക്കാന്‍ കയറിയസമയത്ത് അതിനുള്ളില്‍ ഒളിച്ചുനിന്ന യുവാവ് അപമാനിക്കാന്‍ ശ്രമിക്കുയായിരുന്നുവത്രേ. യുവതിയുടെ നിലവിളികേട്ട് ഓടിയെത്തിയ അനുജത്തിയാണ് യുവാവിനെ പിടികൂടിയത്.
മുഖത്തടിച്ചും മുട്ടുകാല്‍ കൊണ്ട് തൊഴിച്ചും പെണ്‍കുട്ടി ഇയാളെ മര്‍ദ്ദിച്ചു, ശബ്ദം കേട്ട് വഴിയേപോയവരും അയല്‍ക്കാരുമെല്ലാം കൂടി. ആള്‍ക്കൂട്ടത്തിന് നടുവില്‍ വച്ച് യുവതി ഇയാളുടെ ഷര്‍ട്ട് പിച്ചിച്ചീന്തുകയും മര്‍ദ്ദനം തുടരുകയും ചെയ്തു. ഒടുവില്‍ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഹൈവേ പൊലീസിന് ഇയാളെ കൈമാറുകയും ചെയ്തു. പിന്നാലെ സ്റ്റേഷനില്‍ച്ചെന്ന് പരാതിയും നല്‍കി.
നെല്ലിശ്ശേരി സ്വദേശിയായ യുവാവിനെ പോലീസ് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. മാനസിക വിഭ്രാന്തിയുണ്ടെന്ന സൂചനയെത്തുടര്‍ന്ന് ബന്ധുക്കളെ വിളിച്ചുവരുത്തി അവര്‍ക്കൊപ്പം വിട്ടയയ്ക്കാന്‍ ശ്രമിച്ചുവെങ്കിലും അവര്‍ കൈയൊഴിഞ്ഞതിനാല്‍ പിന്നീട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
തടിച്ചുകൂടിയ ജനങ്ങളും റോഡരികില്‍ നിര്‍ത്തിയിട്ട വാഹനങ്ങളും സംസ്ഥാനപാതയില്‍ ഏറെനേരം ഗതാഗതതടസ്സമുണ്ടാക്കി.












Click it and Unblock the Notifications