കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
പേനയെ 'ഗര്‍ഭ'ത്തിലേറ്റി 25 വര്‍ഷം
ലണ്ടന്‍: 25 വര്‍ഷത്തോളം വയറിനുള്ളില്‍ കുടുങ്ങികിടന്ന പേന ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. എന്നാല്‍ ആ പേന കൊണ്ട് ഇപ്പോഴും എഴുതാന്‍ സാധിക്കുമെന്ന കാര്യമാണ് ഡോക്ടറെ ഏറെ അദ്ഭുതപ്പെടുത്തിയത്. ഇപ്പോള്‍ 76 വയസ്സുള്ള സ്ത്രീ 1986ലാണ് പേന വിഴുങ്ങിയത്. കണ്ണാടിയില്‍ തൊണ്ട പരിശോധിക്കുന്നതിനിടെ അബദ്ധത്തില്‍ കൈയിലുള്ള പേന യുവതി അകത്താക്കുകയായിരുന്നു.
ഉടന്‍ ഡോക്ടറുടെ അടുത്തെത്തി. എന്നാല്‍ ഈ കഥ വിശ്വസിക്കാന്‍ ഡോക്ടര്‍ തയ്യാറായില്ല. എങ്കിലും രോഗിയെ വിശ്വസിപ്പിക്കാന്‍ എക്‌സറെ എടുത്തു പരിശോധിച്ചു. ഒന്നും കണ്ടെത്താനായില്ല. 25 വര്‍ഷത്തിനുശേഷമാണ് ശരീരത്തിനുള്ളിലുള്ള പേന പ്രശ്‌നങ്ങള്‍ കാണിക്കാന്‍ തുടങ്ങിയത്. അതിസാരം കൊണ്ടു വലഞ്ഞ വൃദ്ധ റോയല്‍ ഡെവന്‍ ആന്റ് എക്‌സെറ്റര്‍ ആശുപത്രിയിലെത്തുകയായിരുന്നു. ഇത്തവണയും പ്രാഥമിക പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല.
എന്നാല്‍ വിശദമായ സ്‌കാനിങിനൊടുവില്‍ ആമാശത്തിനുള്ളില്‍ പതിഞ്ഞു കിടക്കുന്ന പേനയെ തിരിച്ചറിഞ്ഞു. ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത പേന ഉപയോഗിച്ച് ഡോക്ടര്‍മാര്‍ ഹലോ എന്നെഴുതി നോക്കി. അതിശയിപ്പിക്കുന്ന കൃത്യതയോടെ പേന പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. രോഗിയുടെ പേരുവിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.