പ്രണയവിവാഹത്തെ തുടര്‍ന്ന് ഹര്‍ത്താല്‍
താമരശ്ശേരി: പ്രണയവിവാഹത്തെ തുടര്‍ന്ന് കോടഞ്ചേരി പഞ്ചായത്തില്‍ ഹര്‍ത്താല്‍. കോടഞ്ചേരി ഗ്രാമപഞ്ചയത്ത് വൈസ്പ്രസിഡന്റ് അന്നക്കുട്ടിയുടെ മകനും കൊടുവള്ളി സ്വദേശിനിയായ യുവതിയും പ്രണയിച്ച് വിവാഹം കഴിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിമരുന്നിട്ടത്.
സംഭവത്തെ തുടര്‍ന്ന് മകളെ കാണാനില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഇരുവരേയും പൊലീസ് കസ്റ്റഡിലെടുത്തു. എന്നാല്‍ കഴിഞ്ഞ ഇരുപതിന് കേസില്‍ വാദം കേട്ട കോടതി യുവതിയെ സ്വന്തം ഇഷ്ടപ്രകാരം യുവാവിന്റെ കൂടെ പോകാന്‍ അനുവാദം നല്‍കുകയായിരുന്നു.
ആര്യസമാജം ഓഫീസില്‍ പോയി ഇരുവരും ഹിന്ദുമതം സ്വീകരിച്ച് വിവാഹിതരായി. ഇതിനെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. പഞ്ചായത്ത് വൈസ്പ്രസിഡന്റിന്റെ വീട് ഒരു സംഘം ആളുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തതോടെ പ്രശ്‌നം രൂക്ഷമായി.
തുടര്‍ന്ന് നടന്ന അനുരഞ്ജന ചര്‍ച്ചയ്ക്കിടെ ഒരു സംഘം ആളുകള്‍ ഐ എന്‍ ടി യു സി ജില്ലാ വൈസ് പ്രസിഡന്റ് കെ എം പൗലോസിനെ മര്‍ദ്ദിയ്ക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചാണ് യു ഡി എഫ് കോടഞ്ചേരിയില്‍ ഹര്‍ത്താല്‍ ആചരിച്ചത്. പൗലോസിനെ മര്‍ദ്ദിച്ചതിന്റെ പേരില്‍ എ പി അബ്ദുല്‍ മജീദ് മാസ്റ്റര്‍, മുഹമ്മദ് സാഹിര്‍ എന്നിവരടക്കം എട്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications