കൊച്ചി മെട്രോ: തര്‍ക്കമില്ലെന്ന് മുഖ്യമന്ത്രി

ശ്രീധരനെ പൂര്‍ണമായി വിശ്വസത്തില്‍ എടുക്കുന്നതാകും സര്‍ക്കാര്‍ തീരുമാനം. ശ്രീധരന്‍ ബുധനാഴ്ച കൊച്ചിയിലെത്തി മെട്രോപദ്ധതി സംബന്ധിച്ച് പരിശോധന നടത്തും. വിവാദങ്ങള്‍ക്കിട നല്‍കാതെ കൊച്ചി മെട്രോ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവാദങ്ങളുടെ പേരില്‍ പദ്ധതിക്ക് കാലതാമസം ഉണ്ടാകാന്‍ അനുവദിക്കില്ല. ശ്രീധരന്റെ കഴിവുകള്‍ കൊച്ചി മെട്രോയ്ക്ക് മാത്രമല്ല, സംസ്ഥാനത്തെ മറ്റ് അടിസ്ഥാന സൗകര്യ വികസന മേഖലകളിലും വിനിയോഗിക്കണമെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം പദ്ധതി ദില്ലി മെട്രോ റെയില്‍ കോര്‍പ്പറേഷനെ ഏല്‍പിക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഏറ്റവുമൊടുവിലുണ്ടായ കാര്യങ്ങള്‍ കേന്ദ്ര ജലവിഭവമന്ത്രി പവന്‍കുമാര്‍ ബന്‍സലിനെ ധരിപ്പിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കോടതിക്ക് പുറത്ത് വിഷയത്തിന് പരിഹാരമുണ്ടാക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
തമിഴ്‌നാട് മുഖ്യമന്ത്രിയുമായി ഏത് സമയത്തും നേരിട്ട് ചര്‍ച്ചയ്ക്ക് തയാറാണ്. എന്നാല്‍ ഇക്കാര്യത്തില്‍ തമിഴ്‌നാടിന്റെ ഭാഗത്ത് നിന്നുള്ള പ്രതികരണം നിരാശപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് പൂര്‍ണതോതില്‍ ഹൈക്കോടതി ബെഞ്ച് പ്രവര്‍ത്തിപ്പിക്കാനാകില്ലെങ്കില്‍ സര്‍ക്കുലര്‍ ബെഞ്ച് സ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനോട് ആവശ്യപ്പെട്ടു. നിശ്ചിത ദിവസങ്ങളില്‍ സിറ്റിങ് നടത്തുന്ന രീതിയിലായിരിക്കും സര്‍ക്കുലര്‍ ബെഞ്ച് പ്രവര്‍ത്തിക്കുക.
ഇടുക്കി ജില്ലയിലെ ഏലം കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേന്ദ്ര വാണിജ്യസഹമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുമായി ചര്‍ച്ച നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications