ചെന്നൈയില്‍ 'മനോരമ' വേണ്ട 'വീക്ക്' മതി
ചെന്നൈ: ചെന്നൈ പുസ്തകമേളയില്‍ മലയാള മനോരമയുടെ സ്റ്റാളിന് നേരെ പ്രതിഷേധം. മെയ് 17 എന്ന സംഘടനാംഗങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കൂട്ടമായെത്തിയ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി തുടങ്ങിയതോടെ തെന്നിന്ത്യന്‍ പുസ്തക പ്രസാധക സംഘം രംഗത്തെത്തുകയായിരുന്നു.
എന്നാല്‍ പിരിഞ്ഞു പോവില്ലെന്ന് സംഘടനാംഗങ്ങള്‍ അറിയിച്ചതോടെ മനോരമയുടെ സ്റ്റാള്‍ പുസ്തകമേള നടത്തുന്നവര്‍ അടച്ചു പൂട്ടി. എന്നാല്‍ മുല്ലപ്പെരിയാറും പുസ്തകമേളയും തമ്മില്‍ ബന്ധമില്ലെന്നു മറ്റു സ്റ്റാളുകള്‍ നടത്തുന്നവര്‍ അഭിപ്രായപ്പെട്ടതോടെ പ്രശ്‌നം രൂക്ഷമായി.
പ്രദര്‍ശനം നടത്താന്‍ മനോരമയ്ക്ക് അധികാരമുണ്ടെന്നും ഇത് തടസ്സപ്പെടുത്താന്‍ ആരേയും അനുവദിയ്ക്കില്ലെന്നുമായിരുന്നു ഇവരുടെ വാദം. ഇതോടെ മെയ് 17 പ്രവര്‍ത്തകര്‍ ചര്‍ച്ചയ്ക്ക് തയ്യാറായി.
'മലയാള മനോരമ' എന്ന പേരിനോടാണ് തങ്ങള്‍ക്ക് എതിര്‍പ്പെന്നും മനോരമയുടെ ഇംഗ്ലീഷ് പ്രസിദ്ധീകരണമായ 'ദ വീക്ക്' എന്ന പേരില്‍ സ്റ്റാള്‍ നടത്തുന്നതിനോട് തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നുമായിരുന്നു ഇവരുടെ നിലപാട്. തുടര്‍ന്ന് സ്റ്റാള്‍ 'ദ വീക്ക്' എന്ന പേരില്‍ തുറന്നു പ്രവര്‍ത്തിപ്പിയ്ക്കാന്‍ തീരുമാനമായി.












Click it and Unblock the Notifications