അശ്ലീലചിത്രം കാണിച്ച് യുവതിയുടെ പണം തട്ടി
കൊട്ടാരക്കര: ഇന്റര്നെറ്റിലൂടെ അശ്ലീല ചിത്രം പ്രചരിപ്പിയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയുടെ പക്കല് നിന്ന് പണം തട്ടിയ ദമ്പതിമാര് അറസ്റ്റില്. പാറശാല ഉദയന്കുളങ്ങര കെഎസ് ഭവനില് അനീഷ്കുമാര് (26), ഭാര്യ സംഗീത (25) എന്നിവരാണ് പിടിയിലായത്.
മൊബൈല് ഫോണില് എടുത്ത ചിത്രം മോര്ഫ് ചെയ്ത് ഇന്റര്നെറ്റിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ചെങ്ങന്നൂര് സ്വദേശിനിയായ യുവതിയില് നിന്ന് ഇവര് 3,60,000 രൂപ തട്ടിയെടുത്തു.
അഞ്ച് മാസം മുന്പാണ് അനീഷ് ഫോണിലൂടെ യുവതിയെ പരിചയപ്പെട്ടത്. തുടര്ന്ന് യുവതിയുടെ ചിത്രം അനീഷ് മൊബൈലിലാക്കി. പിന്നീട് ഈ ചിത്രം മോര്ഫ് ചെയ്ത് അശ്ലീലചിത്രമാക്കി മാറ്റി യുവതിയെ കാണിച്ചു.
പണം നല്കിയില്ലെങ്കില് ചിത്രം ഇന്റര്നെറ്റിലൂടെ പ്രചരിപ്പിയ്ക്കുമെന്നായിരുന്നു ഭീഷണി. ആദ്യം ഒരു ലക്ഷം രൂപയും പിന്നീടു പല തവണകളായി 2.6 ലക്ഷം രൂപയും ഇവര് തട്ടിയെടുത്തുവെന്ന് യുവതി ആരോപിയ്ക്കുന്നു.
ഫോണിലൂടെ പണം ആവശ്യപ്പെട്ടത് സംഗീതയായിരുന്നുവെന്നും യുവതി പറയുന്നു. ഒരു പവന് സ്വര്ണമാലയും 7,500 രൂപ വിലയുള്ള മൊബൈല് ഫോണും ഇവര് യുവതിയുടെ പക്കല് നിന്ന് തട്ടിയെടുത്തു.
വീണ്ടും ഇവര് രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നാല് യുവതി ബന്ധുക്കളായ യുവാക്കള്ക്കൊപ്പം എത്തി ഇവരെ കുടുക്കുകയായിരുന്നു. മുന്പ് പറഞ്ഞതു പ്രകാരം പണം നല്കാനായി ബന്ധുക്കളായ യുവാക്കളുമൊത്തു കാറില് യുവതി എത്തി.
പണം വാങ്ങാനായി കാറിലേക്ക് അനീഷും ഭാര്യ സംഗീതയും കയറിയ സമയത്ത് യുവാക്കള് ഇരുവരെയും തടഞ്ഞുവച്ചു. തുടര്ന്ന് ദമ്പതിമാരെ പൊലീസിന് കൈമാറുകയായിരുന്നു. യുവതിയുടെ ഭര്ത്താവ് ഗള്ഫില് ജോലി ചെയ്യുകയാണ്.












Click it and Unblock the Notifications