പഞ്ചായത്ത് അംഗം സാരി വലിച്ചുകീറിയെന്ന് വിഇഒ
തൊടുപുഴ: വനിത വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറെ(വിഇഒ) സിപിഎമ്മിന്റെ പഞ്ചായത്ത് അംഗവും സംഘവും തടഞ്ഞുവച്ച് കയ്യേറ്റം ചെയ്യുകയും സാരി വലിച്ചുകീറുകയും ചെയ്തതായി പരാതി.
പരുക്കേറ്റ വിഇഒ എം.യു. സലീന, പഞ്ചായത്ത് അംഗം സി.പി. രാമചന്ദ്രന്‍ എന്നിവര്‍ ചികിത്സയിലാണ്. കരിമണ്ണൂര്‍ പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്.
വാര്‍ഡിലെ കുടുംബശ്രീ യൂണിറ്റ് റജിസ്റ്റര്‍ ചെയ്യാത്തതിനെക്കുറിച്ച് ചോദിക്കാനെത്തിയപ്പോള്‍ വിഇഒയുടെ ഭര്‍ത്താവ് അകാരണമായി മര്‍ദിക്കുകയായിരുന്നുവെന്നാണ് പഞ്ചായത്ത് അംഗവും പാര്‍ട്ടി പ്രവര്‍ത്തകരും പറയുന്നത്.
14ാം വാര്‍ഡിലെ ഒരു യൂണിറ്റില്‍, പത്തില്‍ താഴെ അംഗങ്ങളുള്ളതിനാല്‍ അവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ഒഴിവാക്കി. ഒഴിവാക്കിയതിന്റെ കാരണം എഴുതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സംഘമായെത്തിയവര്‍ കുടുംബശ്രീ ഓഫിസിലേക്ക് തള്ളിക്കയറിയ ശേഷം തടഞ്ഞുവയ്ക്കുകയായിരുന്നെന്ന് വിഇഒ സലീന പറഞ്ഞു.
പഞ്ചായത്തംഗം രാമചന്ദ്രന്റെ നേതൃത്വത്തില്‍ കണ്ടാല്‍ അറിയാവുന്ന ആറോളം പേരാണ് എത്തിയതെന്നും ഇവര്‍ പറയുന്നു.
വിവരം അറിഞ്ഞ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ കൂടിയായ സലീനയുടെ ഭര്‍ത്താവ് നാസര്‍ സ്ഥലത്തെത്തി. പ്രശ്‌നം പറഞ്ഞ് തീര്‍ക്കാമെന്ന് പറഞ്ഞ നാസറിനെ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നെന്ന് വിഇഒ പറയുന്നു.
കരിമണ്ണൂര്‍ പൊലിസ് സലീനയുടെയും ഭര്‍ത്താവിന്റെയും മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. സിപിഎം പ്രവര്‍ത്തകര്‍ സലീനയുടെ വീട്ടിലെത്തി നേരത്തെ ഭീഷണി മുഴക്കിയതായും ആരോപണമുണ്ട്.
ഓഫിസില്‍ കയറി വനിതാ ഉദ്യോഗസ്ഥയെ മര്‍ദിക്കുകയും ഓഫിസ് പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ പഞ്ചായത്തംഗം രാമചന്ദ്രനെതിരെ ഉള്‍പ്പെടെ നാലു പേര്‍ക്കതിരെ കേസെടുത്തതായി കരിമണ്ണൂര്‍ പൊലീസ് പറഞ്ഞു
എന്നാല്‍, നാസര്‍ തന്നെ മര്‍ദിച്ചെന്ന് ആരോപിച്ച് രാമചന്ദ്രന്‍ ഓഫിസില്‍ കിടന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് പൊലീസ് എത്തി രാമചന്ദ്രനെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പഞ്ചായത്തംഗത്തെ മര്‍ദിച്ചെന്ന പരാതിയില്‍ നാസറിനെതിരെയും സലീനയ്‌ക്കെതിരെയും കേസെടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎമ്മിന്റെ നേതൃത്വത്തില്‍ വൈകിട്ടു കരിമണ്ണൂരില്‍ പ്രകടനം നടത്തി.












Click it and Unblock the Notifications