ദീപം തെളിഞ്ഞത് പൊന്നമ്പലമേട്ടിലല്ല
തിരുവനന്തപുരം: ശബരിമലയില്‍ മകരവിളക്കിന് തലേ ദിവസം പൊന്നമ്പലമേട്ടിന് സമീപം തളിഞ്ഞത് സെര്‍ച്ച് ലൈറ്റാണെന്ന് ഉറപ്പില്ലെന്ന് പൊലീസ്. പൊന്നമ്പലമേട്ടില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെ വ്യൂ പോയിന്റിലാണ് ദീപം തെളിഞ്ഞതെന്നും പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി.
ആ രണ്ടു ദിവസങ്ങളില്‍ പൊന്നമ്പലമേട്ടിലേക്ക് ഏതാനും വനംവകുപ്പ് ഉദ്യോഗസ്ഥരും മലയരയന്‍മാരും അല്ലാതെ അപരിചിതര്‍ ആരും പ്രവേശിച്ചിട്ടില്ലെന്നും പോലീസ് പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ എഡിജിപി ചന്ദ്രശേഖരന്‍ പോലീസിനെ ചുമതലപ്പെടുത്തിയിരുന്നു. ഈ അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഈ നിഗമനങ്ങള്‍.
ഇതുസംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് മാത്രമെ ലഭിച്ചിട്ടുള്ളൂവെന്നും വിശദമായ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം മാത്രമെ ലഭിക്കുകയുള്ളൂവെന്നും എ.ഡി.ജി.പി പി.ചന്ദ്രശേഖരന്‍ അറിയിച്ചു.
14-ാം തീയതി വൈകിട്ട് ശബരിമലയില്‍ ദീപാരാധന നടന്നതിന് തൊട്ടുപിന്നാലെ പൊന്നമ്പലമേടിന് സമീപത്തായി ദീപം കണ്ടതാണ് ഭക്തരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചത്. ദീപം കണ്ടത് പൊന്നമ്പലമേട്ടിലല്ലെന്ന് പൊലീസും ദേവസ്വം ബോര്‍ഡും അന്നു തന്നെ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications