പിപിലി കൂട്ടമാനഭംഗം: ഒറീസ മന്ത്രി രാജിവച്ചു
ഭുവനേശ്വര്‍: പിപിലി കൂട്ടമാനഭംഗക്കേസില്‍ പ്രതികളെ സംരക്ഷിക്കുന്നുവെന്ന് ആരോപണത്തെത്തുടര്‍ന്ന് ഒറീസ കൃഷിമന്ത്രി പ്രദീപ് മഹാരാത്രി രാജിവച്ചു. ആരോപണം ഉയര്‍ന്ന സ്ഥിതിയ്ക്ക് അതിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെയ്ക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
ഫെബ്രുവരിയില്‍ നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെഡിയെ പ്രതിരോധത്തിലാക്കാതിരിക്കാനാണ് നടപടിയെന്നും അദ്ദേഹം വിശദീകരിച്ചു.
ബിജെഡിയുടെ പ്രതിഛായ മങ്ങാതിരിക്കാനാണ് ഈ നീക്കം. പത്തൊന്‍പതുകാരിയായ ദളിത് യുവതിയെ പീഡിപ്പിച്ചവര്‍ക്ക് തക്ക ശിക്ഷ ലഭിക്കണമെന്നാണ് എന്റെ അഭിപ്രായം. അന്വേഷണത്തെ ഭയക്കുന്നില്ല. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ പ്രചരണം ശരിയല്ല- മന്ത്രി പറഞ്ഞു.
കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പറഞ്ഞു. അതേസമയം പ്രദീപിന്റെ രാജികൊണ്ട് തങ്ങള്‍ തൃപ്തരാകില്ലെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസും ബിജെപിയും പറഞ്ഞു.
രാജി നാടകമാണെന്നും മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നും ഒപിസിസി പ്രസിഡന്റ് നിരഞ്ജന്‍ പട്‌നായിക് പറഞ്ഞു. പിപിലി മാനഭംഗക്കേസിലെ നാലു പ്രതികളില്‍ മൂന്നു പേരെ പോലിസ് നവംബര്‍ 28 ന് അറസ്റ്റ് ചെയ്തിരുന്നു. നാലാമനെ ഉടന്‍ പിടികൂടുമെന്നാണ് അധികൃതര്‍ പറയുന്നത്.
ഇതിനിടെ പെണ്‍കുട്ടിലെ എഐഐഎംഎസിലേക്കു മാറ്റാനുള്ള സര്‍ക്കാര്‍ നീക്കം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തടഞ്ഞു. ഹൈക്കോടതിയും രക്ഷിതാക്കളുടെ അനുവാദമില്ലാതെ പെണ്‍കുട്ടിയെ മാറ്റരുതെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications