ഗണേഷിനെ അനുകൂലിക്കുന്നവര്‍ സംഘടനയുണ്ടാക്കി

കേരള കോണ്‍ഗ്രസ് (ബി)യില്‍നിന്ന് കഴിഞ്ഞ ദിവസം പുറത്താക്കപ്പെട്ട പേരൂര്‍ സജീവാണ് പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റ്. ഗണേഷ് അനുകൂല പ്രകടനം നടത്തിയതിന് സജീവിനൊപ്പം പുറത്താക്കപ്പെട്ട കരിക്കോട് ജമീര്‍ലാലാണ് ജനറല്‍ സെക്രട്ടറി.
സംഘടനയുടെ ജില്ലയിലെ 11 നിയോജകമണ്ഡലങ്ങളിലെ പ്രസിഡന്റുമാരെയും തിരഞ്ഞെടുത്തതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇത് ഒരു സാംസ്‌കാരിക സംഘടനയാണെന്നും കേരള കോണ്‍ഗ്രസ്(ബി) ചെയര്‍മാന്റെയും മന്ത്രി ഗണേഷിന്റെയും പിന്നില്‍ അടിയുറച്ചു നില്‍ക്കുമെന്നുമാണ് സംഘടനയ്ക്ക് രൂപം നല്‍കിയവര്‍ പറയുന്നത്. എന്നാല്‍ പുതിയ പാര്‍ട്ടിയുണ്ടാക്കാനുള്ള ഗണേഷിന്റെ ശ്രമങ്ങളുടെ ആദ്യപടിയാണിതെന്നാണ് പരക്കെ വിലയിരുത്തപ്പെടുന്നത്.
പാര്‍ട്ടി ചെയര്‍മാനെ ചിലര്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പാര്‍ട്ടിയില്‍ ജനാധിപത്യം ഇല്ലാതായെന്നും പുതിയ സംഘടനയുടെ ഭാരവാഹികള്‍ ആരോപിച്ചു. വഴിവിട്ട ശുപാര്‍ശകള്‍ക്ക് വിധേയനാകാത്ത സത്യസന്ധനായ മന്ത്രിയാണ് ഗണേഷെന്നും അതിനാലാണ് അദ്ദേഹം വെല്ലുവിളി നേരിടുന്നതെന്നും ഇവര്‍ പറഞ്ഞു.
വ്യാജമരുന്നു കച്ചവടക്കാരും പോലീസിന്റെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുമാണ് ഇപ്പോള്‍ യഥാര്‍ത്ഥ പാര്‍ട്ടി പ്രവര്‍ത്തകരായ തങ്ങള്‍ക്കെതിരെ രംഗത്തുള്ളതെന്നും ജനകീയവേദി ഭാരവാഹികള്‍ ആരോപിച്ചു. സംഘടനയുടെ ജില്ലാ പ്രതിനിധി സമ്മേളനം ഫെബ്രുവരി അവസാനം കൊല്ലത്ത് നടത്തുമെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications