ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ ഫിലിം ഫെസ്റ്റിവലിന് യുട്യൂബ് വേദിയൊരുക്കുന്നു. 15 മിനിറ്റ് നീളമുള്ള ഷോര്‍ട്ട് ഫിലിമുകള്‍ ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും നിങ്ങള്‍ക്ക് യുട്യൂബില്‍ അപ് ലോഡ് ചെയ്യാന്‍ സാധിക്കും. ഫെബ്രുവരി രണ്ടുമുതല്‍ മാര്‍ച്ച് 31വരെ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകളില്‍ നിന്ന് ഏറ്റവും മികച്ച 50 ചിത്രങ്ങള്‍ തിരഞ്ഞെടുക്കും. യുവര്‍ ഫിലിം ഫെസ്റ്റിവല്‍ എന്നാണ് മല്‍സരത്തിന് പേര് നല്‍കിയിട്ടുള്ളത്.
ഈ 50 ചിത്രങ്ങളും യുട്യൂബിലെ www.youtube.com/yourfilmfestival എന്ന ചാനലില്‍ ദൃശ്യമാവും. യൂസര്‍മാര്‍ക്ക് ഈ വീഡിയോകള്‍ കാണാനും വോട്ടു ചെയ്യാനുമുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കും. ഇതില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 10 ഫൈനലിസ്റ്റുകള്‍ക്ക് 69ാമത് വെനിസ് ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ അവസരം നല്‍കും.
സമയത്തിന്റെ കാര്യത്തിലും ഫിലിം സംവിധാനം ചെയ്യുന്ന ആളുടെ പ്രായത്തിന്റെ കാര്യത്തിലും യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് യുട്യൂബ് വ്യക്തമാക്കിയിട്ടുണ്ട്. പതിനെട്ട് വയസ്സ് പൂര്‍ത്തിയായവരെടുത്ത 2010 ജനുവരി ഒന്നിനുശേഷമുള്ള വീഡിയോകള്‍ മാത്രമേ മല്‍സരത്തിനു പരിഗണിക്കുകയുള്ളൂ.