വിലക്ക്: രാധാകൃഷ്ണനെതിരെ മാധവന്‍ നായര്‍
ദില്ലി: ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്റെ നിക്ഷിപ്ത താത്പര്യങ്ങളാണ് അച്ചടക്ക നടപടിയ്ക്ക് പിന്നിലെന്ന് ജി. മാധവന്‍ നായര്‍. താന്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ കേന്ദ്രത്തെ കൊണ്ട് വിലക്ക് ഏര്‍പ്പെടുത്തിക്കാന്‍ വ്യക്തിപരമായ വിദ്വേഷം കാരണം ചെയര്‍മാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം തുറന്നടിച്ചു.
തെറ്റായ വിവരങ്ങള്‍ സര്‍ക്കാറിനു നല്‍കുക മാത്രമല്ല നടപടി ഉറപ്പാക്കാന്‍ വഴിവിട്ട രീതികള്‍ സ്വീകരിക്കുകയും ചെയ്തു. ആന്‍ട്രിക്‌സ് ദേവാസ് കരാര്‍ ഇല്ലാതാക്കാന്‍ രാധാകൃഷ്ണന്‍ ചുമതലയേറ്റതു മുതല്‍ ശ്രമിക്കുകയായിരുന്നുവെന്നും മാധവന്‍ നായര്‍ ആരോപിച്ചു. തീവ്രവാദിയേക്കാള്‍ മോശം പരിഗണനയാണ് തനിക്ക് ലഭിച്ചതെന്നും മാധവന്‍ നായര്‍ പരിതപിച്ചു. എന്നാല്‍ ഭാവി നടപടികളെ കുറിച്ച് എന്തെങ്കിലും വ്യക്തമാക്കാന്‍ അദ്ദേഹം തയാറായില്ല.
അതിനിടെ സര്‍ക്കാര്‍ തസ്തികയില്‍ നിയമിക്കുന്നതിന് വിലക്കേര്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ക്ക് കോടതിയെ സമീപിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇത്തരമൊരു തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് അധികാരമുണ്‌ടെന്നും അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി വി.നാരായണസ്വാമി പറഞ്ഞു.
എസ്-ബാന്‍ഡ് വിവാദത്തില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് മാധവന്‍ നായര്‍ ഉള്‍പ്പെടെ നാല് ശാസ്ത്രജ്ഞരെ സര്‍ക്കാര്‍ തസ്തികയില്‍ നിയമിക്കുന്നതില്‍ നിന്ന് കേന്ദ്രം വിലക്കിയത്.












Click it and Unblock the Notifications