മലയാളി വ്യവസായിയുടെ ദാവൂദ് ബന്ധം അന്വേഷിക്കുന്നു

പത്രവ്യവസായം മുതല്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസില്‍വരെ ഉള്‍പ്പെട്ടിട്ടുള്ള ഈ വിവാദ മലയാളി വ്യവസായിയുടെ അധോലോകബന്ധത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രം നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. വിവാദ വ്യവസായിയുടെ ബിസിനസ് പങ്കാളിയായ തിരുവനന്തപുരത്തെ സ്വര്‍ണവ്യാപാരി, മധ്യതിരുവിതാംകൂറിലെ ഒരു ബിഷപ് എന്നിവരെക്കുറിച്ചും അന്വേഷിയ്ക്കാന്‍ കേരളം അടക്കം നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഹവാലയിലൂടെയും പാക് നിര്‍മ്മിത കള്ളനോട്ടായും എത്തുന്ന ദാവൂദിന്റെ പണം കേരളത്തിലും മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും നിക്ഷേപിക്കുന്നത് മലയാളി വ്യവസായി മുഖേനയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരത്തിന് പരാതി ലഭിച്ചിരുന്നു. ഒരു സ്വര്‍ണവ്യാപാരിക്കും ഈ ഇടപാടില്‍ പങ്കുണ്ടെന്ന സംശയവും പരാതിയില്‍ പ്രകടിപ്പിച്ചിട്ടുണ്ട്.
ദാവൂദിന് കേരളവുമായി പല തരത്തില്‍ ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ നേരത്തേ തന്നെ കണ്ടെത്തിയിരുന്നു. സഹായികള്‍ മുഖേന കേരളത്തില്‍ പല ഭാഗങ്ങളിലും ദാവൂദ് ബിനാമി പേരുകളില്‍ ഭൂമി വാങ്ങിക്കൂട്ടുന്നുവെന്നാണ് ഒരു കണ്ടെത്തല്‍. കേരളത്തിന്റെ മാധ്യമ-റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ സ്വാധീനമുറപ്പിച്ച വിവാദ വ്യവസായിക്ക് സിംഗപ്പൂരിലും ചെന്നൈയിലും ബിസിനസ് സ്ഥാപനങ്ങളുണ്ട്.












Click it and Unblock the Notifications