എസ് ബാന്‍ഡ് ഇടപാടില്‍ വീഴ്ചയെന്ന് റിപ്പോര്‍ട്ട്

ഭരണപരമായും നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടും ഗുരുതരമായ വീഴ്ച ഉണ്ടായെന്നുമാത്രമല്ല കരാറില്‍ ഉള്‍പ്പെട്ട ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍നായരുടെയും ശാസ്ത്രജ്ഞരുടെയും ഭാഗത്തുനിന്ന് സുതാര്യതയില്ലാത്ത സമീപനം ഉണ്ടായെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. നാലു ശാസ്ത്രജ്ഞന്മാര്‍ക്കെതിരേ നടപടി വേണമെന്നും ശുപാര്‍ശ ചെയ്യുന്നു.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നാല് ശാസ്ത്രജ്ഞന്‍മാരെ വിലക്കാന്‍ തീരുമാനിച്ചതിനെതിരേ ശാസ്ത്രലോകം ശക്തമായി പ്രതിഷേധിച്ചിരുന്നു. തുടര്‍ന്നു വിലക്ക് പുനഃപരിശോധിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് കഴിഞ്ഞ ദിവസം അറിയിച്ചു. ഇതിനു തൊട്ടു പിന്നാലെയാണ് സമിതിയുടെ റിപ്പോര്‍ട്ട് ഐഎസ്ആര്‍ഒ പുറത്തു വിടുന്നത്.
ജി. മാധവന്‍നായരെക്കൂടാതെ മുന്‍ സെക്രട്ടറി കെ. ഭാസ്‌കര നാരായണ, മുന്‍ എം.ഡി കെ.ആര്‍. ശ്രീധരമൂര്‍ത്തി, ഉപകേന്ദ്രം മുന്‍ ഡയറക്ടര്‍ കെ.എന്‍. ശങ്കര്‍ എന്നിവരെയാണ് വീഴ്ചയ്ക്ക് ഉത്തരവാദികളായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
ഐഎസ്ആര്‍ഒ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സും ദേവാസ് മള്‍ട്ടി മീഡിയയും 2005 ജനുവരി 29 ന് ഒപ്പുവച്ച കരാറാണു വിവാദമായത്. 70 മെഗാഹേര്‍ട്‌സ് എസ് ബാന്‍ഡ് സ്‌പെക്ട്രം 1000 കോടി രൂപയ്ക്കു നല്‍കാനുള്ളതായിരുന്നു കരാര്‍. കുറഞ്ഞ വിലയ്ക്ക് സ്‌പെക്ട്രം വില്‍ക്കാന്‍ കരാറുണ്ടാക്കിയതിലൂടെ വന്‍ നഷ്ടമുണ്ടാക്കിയെന്നാണ് ആരോപണം.
ദേവാസുമായി കരാര്‍ ഒപ്പിടുന്നതിനുമുമ്പ് ടെലികോം അടക്കം മറ്റ് ഗവണ്‍മെന്റ് ഡിപ്പാര്‍ട്ടുമെന്റുകളുമായി ചര്‍ച്ച നടത്തിയില്ല. ഇതേ സേവനം നല്‍കുന്ന മറ്റു സ്ഥാപനങ്ങളുമായി ബന്ധപ്പെടാതെയാണ് രണ്ടു ഉപഗ്രങ്ങള്‍ ദേവാസിനുവേണ്ടി നിര്‍മ്മിച്ചു വിക്ഷേപിക്കാമെന്ന് സമ്മതിച്ചത്. കരാറിന്റെ അംഗീകാരത്തിനായി കേന്ദ്രമന്ത്രിസഭയ്ക്കും ബഹിരാകാശ കമ്മിഷനും കൈമാറിയ വിവരങ്ങള്‍ പൂര്‍ണമോ കൃത്യമോ ആയിരുന്നില്ല.
കരാറില്‍ 2005 ജനുവരി 28ന് ഒപ്പുവച്ച വിവരം മന്ത്രിസഭയില്‍ നിന്നും ബഹിരാകാശ കമ്മിഷനില്‍ നിന്നും മറച്ചുവച്ചിട്ടാണ് ദേവാസിന് ജിസാറ്റ്-6 എന്ന ഉപഗ്രഹം നിര്‍മ്മിച്ചു നല്‍കാനുള്ള അംഗീകാരം തേടിക്കൊണ്ട് 2005 നവംബര്‍ 27ന് കാബിനറ്റ് നോട്ട് നല്‍കിയത്. ദേവാസിനെപ്പോലെ മറ്റു പല സ്ഥാപനങ്ങളും ഇടപാടിനായി ഐ.എസ്.ആര്‍.ഒയെ സമീപിച്ചിരുന്നെന്ന തെറ്റായ ധാരണ സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.












Click it and Unblock the Notifications