മുണ്ടുരിയല്‍ കേസ്: ശരത് കൂറുമാറി
തിരുവനന്തപുരം: കോണ്‍ഗ്രസിന് ഏറെ നാണക്കേടുണ്ടാക്കിയ മുണ്ടുരിയല്‍ കേസില്‍ ഒന്നാംസാക്ഷി ശരത്ചന്ദ്രപ്രസാദ് കോടതിയില്‍ കൂറുമാറി. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലെ വിചാരണയ്ക്കിടെയാണ് ശരത്ചന്ദ്രപ്രസാദ് കൂറുമാറിയത്.
തന്റെ മുണ്ടുരിയുകയും മര്‍ദിക്കുകയും ചെയ്തത് കൂട്ടില്‍നില്‍ക്കുന്ന പ്രതികളല്ലെന്നാണ് ശരത് കോടതിയില്‍ പറഞ്ഞത്. പൊലീസിന് നല്‍കിയ മൊഴിയില്‍ പ്രതികളുടെ പേര് പറഞ്ഞിരുന്നെങ്കിലും കോടതിയില്‍ ഇതിന് വിരുദ്ധമായി പ്രതികളെ അറിയില്ലെന്ന് മൊഴി നല്‍കുകയായിരുന്നു.
2004 മെയ് മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രിയദര്‍ശിനി പ്ലാനറ്റോറിയത്തില്‍ കെപിസിസി നിര്‍വാഹകസമിതിയോഗം നടക്കവെ സ്ഥലത്തെത്തിയ ഇവരെ പ്രതികള്‍ മര്‍ദിക്കുകയും മുണ്ടുരിയുകയും ചെയ്തു എന്നാണ് പ്രോസിക്യൂഷന്‍ കേസ്.
കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്‌നമാണ് അടിയില്‍കലാശിച്ചത്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ , ചെമ്പഴന്തി അനില്‍ എന്നിവരാണ് മറ്റു സാക്ഷികള്‍ കെ മുരളീധരനും എന്‍ വേണുഗോപാലും ആയിരുന്നു ആദ്യഘട്ടത്തില്‍ പ്രതികളായിരുന്നത്. പിന്നീട് ഇവരെ ഒഴിവാക്കി അബ്ദുള്‍ജലീല്‍ , എച്ച് പി ഷാജി തുടങ്ങി മുപ്പത് പേരെയാണ് പ്രതികളാക്കിയത്. ആറ് പ്രതികളെ ഇനിയും പിടികൂടാനുണ്ട്. മറ്റു സാക്ഷികളുടെ മൊഴി എടുക്കുന്നതിനായി മജിസ്‌ട്രേട്ട് എ എം അഷറഫ് 28ലേക്ക് കേസ് മാറ്റി.












Click it and Unblock the Notifications