നന്ദകുമാര്‍: ക്രൈംബ്രാഞ്ച് സംഘം വിവാദത്തില്‍
കൊച്ചി: വിവാദ ദല്ലാള്‍ ടിജി നന്ദകുമാറിനെക്കുറിച്ച് അന്വേഷിക്കാനായി ദില്ലിയില്‍ എത്തിയ ക്രൈംബ്രാഞ്ച് സംഘം നന്ദകുമാറിന്റെ ആതിഥ്യം സ്വീകരിച്ചത് വിവാദമായി. ഇതിനെ തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ഉത്തരവായി. കൊച്ചി ക്രൈംബ്രാഞ്ച് എസ്പിയ്ക്കാണ് അന്വേഷണ ചുമതല.
നന്ദകുമാറിന്റെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് അന്വേഷിക്കാനായി ഡി.വൈ.എസ്പി പി.എം. വര്‍ഗീസിന്റെ നേതൃത്വത്തില്‍ എ.എസ്.ഐമാരായ ടി.എസ് ദാസ്, കെ.പി മത്തായി എന്നിവരാണ് ദില്ലിയിലെത്തിയത്.
സാധാരണയായി കേരളത്തില്‍ നിന്നും ഔദ്യോഗിക ആവശ്യങ്ങള്‍ക്കെത്തുന്ന ഉദ്യോഗസ്ഥര്‍ കേരള ഹൗസിലാണ് താമസിയ്ക്കുക. കുറഞ്ഞ നിരക്കില്‍ ഇവിടെ മുറികള്‍ ലഭ്യമാണെന്നിരിക്കെ ക്രൈംബ്രാഞ്ച് സംഘം വിശ്വവിഹേന്ദ്ര ഹോട്ടലാണ് താമസത്തിനായി തിരഞ്ഞെടുത്തത്.
ഈ ഹോട്ടലിലെ ഇവരുടെ ബില്ലുകള്‍ നല്‍കിയത് നന്ദകുമാറാണെന്നാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഹോട്ടല്‍ ബില്ലിനത്തില്‍ നന്ദകുമാര്‍ 33,000 രൂപ നല്‍കിയതായാണ് റിപ്പോര്‍ട്ട്. ആറുദിവസത്തോളം നന്ദകുമാറിന്റെ ആതിഥ്യം സ്വീകരിച്ചശേഷമാണ് ഉദ്യോസ്ഥര്‍ കേരളത്തിലേക്ക് മടങ്ങിയത്.
മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ പേരില്‍ 2008 ല്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നന്ദകുമാര്‍ പരാതി അയച്ചതാണ് അന്വേഷണത്തിനിടയാക്കിയ സംഭവം. ഹൈക്കോടതി ജഡ്ജിമാരുടെ പാനലിലെ ഒരു ജഡ്ജിക്കെതിരേയായിരുന്നു നന്ദകുമാര്‍ പരാതി നല്‍കിയത്.
ഏഴോളം പരാതികള്‍ നന്ദകുമാര്‍ ഇത്തരത്തില്‍ ദില്ലിയിലേക്ക് അയച്ചു. ഇതില്‍ ഒരു പരാതി മേല്‍വിലാസക്കാരന്റെ പേരില്‍ മടങ്ങിവന്നതോടെയാണ് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഇതെ കുറിച്ച് അറിഞ്ഞത്. തുടര്‍ന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഡിജിപിക്ക് പരാതി നല്‍കുകയായിരുന്നു.












Click it and Unblock the Notifications