നാട്ടുകാരുടെ മര്‍ദനത്തില്‍ പുലി ചത്തു
റാന്നി: പത്തനംതിട്ട ആങ്ങമൂഴിയില്‍ നാട്ടുകാര്‍ പിടികൂടിയ പുലി ചത്തു. നാട്ടുകാരും വനപാലകരും ചേര്‍ന്നു പിടികൂടുന്നതിനിടയില്‍ പുലി അവശനിലയിലായിരുന്നു. ശ്വാസം മുട്ടിയാണു ചത്തതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പുലിയുടെ അക്രമത്തിലും അതിനെ പിടിക്കാനുള്ള ശ്രമത്തിനിടയിലുമായി ഒരു ഡസനിലധികം ആളുകള്‍ക്കു പരുക്കേറ്റു.
ഗൂഡിക്കല്‍ റേഞ്ചില്‍ തണ്ണിത്തോട് സ്‌റ്റേഷന്‍ പരിധിയില്‍ തിങ്കളാഴ്ച രാത്രിയോടെയാണ് പുലിയിറങ്ങിയത്. ആങ്ങമൂഴി ഹൈസ്‌കൂളിനു സമീപമുള്ള റബര്‍ തോട്ടത്തില്‍ കയറിയ പുലി രാത്രിയില്‍ തന്നെ ഒരു വളര്‍ത്തുനായയെ കടിച്ചു കൊന്നിരുന്നു.
രാവിലെ പാല്‍ വിതരണത്തിനു പോയ ബിന്ദു എന്ന വീട്ടമ്മയാണു പുലിയെ ആദ്യം കണ്ടത്. പിന്നീടു നാട്ടുകാര്‍ ബഹളം വച്ചതോടെ പുലി തൊട്ടടുത്ത റബര്‍ തോട്ടത്തില്‍ പതുങ്ങിയിരുന്നു
ഇതിനിടെ വനപാലകരുടെ നേതൃത്വത്തില്‍ പുലിയെ പിടിക്കാനുള്ള ശ്രമങ്ങള്‍ രാവിലെ തന്നെ തുടങ്ങിയിരുന്നു. എന്നാല്‍ ജനങ്ങള്‍ തിങ്ങി കൂടിയതോടെ ശ്രമം പരാജയപ്പെട്ടു. പുലിയെ കാട്ടിനുള്ളിലേക്കു തുരത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഇതിനെ മയക്കുവെടി വച്ചു പിടിക്കാനായി ശ്രമം നടത്തിയെങ്കിലും അതും വിജയിച്ചില്ല.
വെയിലിന്റെ ചൂട് അധികരിച്ചപ്പോള്‍ പുലി വീണ്ടും പുറത്തിറങ്ങി. എന്നാല്‍ നാലുചുറ്റും ജനങ്ങള്‍ വളഞ്ഞു നിന്നതോടെ പുലിക്ക് രക്ഷപെടാന്‍ കഴിയാതെ വന്നു. ക്ഷമകെട്ട പുലി ജനക്കൂട്ടത്തിന്റെ ഇടയിലേക്കു പാഞ്ഞുകയറുകയായിരുന്നു. നാട്ടുകാരിലൊരാളെ ആക്രമിക്കുന്നതു കണ്ട് ജനക്കൂട്ടം പുലിയുടെ ശരീരത്തിലേക്ക് ചാടിവീഴുകയായിരുന്നു.
കയറും കൈലിമുണ്ടുമൊക്കെ ഉപയോഗിച്ച് നാട്ടുകാര്‍ വരിഞ്ഞു കെട്ടിയ പുലിയെ ജീപ്പില്‍ ആങ്ങമൂഴി ഫോറസ്റ്റ് റേഞ്ചോഫീസില്‍ എത്തിക്കുകയായിരുന്നു. ജീവനോടെയാണ് പുലിയെ എത്തിച്ചതെങ്കിലും മിനിറ്റുകള്‍ക്കകം അതിന്റെ ശ്വാസം നിലച്ചു. മേഖലയില്‍ അടുത്തിടെ കാട്ടുതീ പടര്‍ന്നതിനാല്‍ രാജവെമ്പാല, പുലി തുടങ്ങിയ വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്നതായി പ്രദേശവാസികള്‍ പറയുന്നു.












Click it and Unblock the Notifications